പ്രശസ്ത പോപ്പ് ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ഷക്കീറ ഇന്ത്യയിലേക്ക് വരുന്നു എന്ന വാർത്തക ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഏപ്രിലിൽ മുംബൈയിലും ഡൽഹിയിലും നടക്കുന്ന ഷോകളിൽ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാലിപ്പോൾ പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ താരത്തിന്‍റെ കോൺസെർട്ട് മാറ്റിവെച്ചിരിക്കുകയാണ്. 'നിലവിലുള്ള സാഹചര്യവും പ്രാദേശിക സംഘർഷങ്ങളും കാരണം ഷക്കീറ പങ്കെടുക്കുന്ന ഫീഡിങ് ഇന്ത്യ കോൺസർട്ട് മറ്റൊരു സമയത്തേക്ക് മാറ്റിവച്ചിരിക്കുന്നു. ഞങ്ങളുടെ ആരാധകരുടെയും കലാകാരന്മാരുടെയും പ്രൊഡക്ഷൻ ടീമിന്റെയും സുരക്ഷിതത്വമാണ് ഞങ്ങളുടെ മുൻഗണന. എല്ലാ ടിക്കറ്റ് ഉടമകൾക്കും പൂർണ്ണമായ റീഫണ്ട് ലഭിക്കും. അത് നിങ്ങളുടെ യഥാർത്ഥ പേയ്‌മെന്റ് രീതിയിലേക്ക് യാന്ത്രികമായി പ്രോസസ്സ് ചെയ്യപ്പെടും' ഡിസ്ട്രിക്റ്റ് അപ്‌ഡേറ്റുകളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്തു. 'പുതിയ തീയതി കണ്ടെത്തുന്നതിനായി ഞങ്ങൾ ആർട്ടിസ്റ്റ് ടീമുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. അപ്‌ഡേറ്റുകൾ ലഭിച്ചാലുടൻ അവ പങ്കിടും. ഫീഡിങ് ഇന്ത്യ കൺസേർട്ട് മഹത്തായ ഒന്നിനുവേണ്ടിയാണ് നിലകൊള്ളുന്നത്. ആ പ്രതിബദ്ധത മാറ്റമില്ലാതെ തുടരും' സംഘാടകർ പറഞ്ഞു. ഏപ്രിൽ 10ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്‌സിലും ഏപ്രിൽ 15 ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും സംഗീത നിശ നടക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. സൊമാറ്റോയുടെ കീഴിലുള്ള 'ഡിസ്ട്രിറ്റും' 'ഫീഡിങ് ഇന്ത്യ' എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഫീഡിങ് ഇന്ത്യ കോൺസെർട്ട് 2026'- ന്‍റെ ഭാഗമായാണ് ഷക്കീറ ഇന്ത്യയിൽ എത്തുന്നത്. രാജ്യത്തെ വിശപ്പും പോഷകാഹാരക്കുറവും സംബന്ധിച്ച് അവബോധം വളർത്തുകയാണ് ഈ സംഗീത നിശയുടെ പ്രധാന ലക്ഷ്യം. 2030-ഓടെ 'വിശപ്പില്ലാത്ത ലോകം' എന്ന ഐക്യരാഷ്ട്രസഭയുടെ വികസനലക്ഷ്യത്തെ പിന്തുണക്കുക എന്നതാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നത് എനിക്ക് എപ്പോഴും സവിശേഷമായ ഒന്നാണെ'ന്നായിരുന്നു ഷക്കീറയുടെ പ്രതികരണം. 'മുംബൈയിലെയും ഡൽഹിയിലെയും എന്‍റെ ആരാധകരുമായി വീണ്ടും ഒന്നിക്കാൻ കഴിയുന്നതിൽ ഞാൻ ആവേശഭരിതയാണ്. ഫീഡിംഗ് ഇന്ത്യ കോൺസെർട്ട് സംഗീതത്തിന് അപ്പുറമാണ്. ഓരോ കുട്ടിക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമ്മൾ ഒത്തുചേരേണ്ട ഒന്നാണന്നും' ഷക്കീറ പറഞ്ഞിരുന്നു.

ഇന്ത്യയിൽ നടക്കാനിരുന്ന ഷക്കീറയുടെ കോൺസെർട്ട് മാറ്റിവെച്ചു; പശ്ചിമേഷ്യൻ സംഘർഷം മുൻനിർത്തിയെന്ന് റിപ്പോർട്ട്
M
MadhyamamSource Link
about 2 months ago