ഇന്ത‍്യയിലെ ആദ്യ പെട്രോഗ്ലിഫ് കൺസർവേഷന്‍ പാർക്ക് ലഡാക്കിൽ സ്ഥാപിക്കും

ഇന്ത‍്യയിലെ ആദ്യ പെട്രോഗ്ലിഫ് കൺസർവേഷന്‍ പാർക്ക് ലഡാക്കിൽ സ്ഥാപിക്കും

ലേ: ഇന്ത്യയിലെ ആദ്യ പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക് ലഡാക്കിൽ സ്ഥാപിക്കും. സിന്ധുനദി തീരത്ത് സ്ഥാപിക്കുന്ന പാർക്കിന് ശനിയാഴ്ച ഗവർണർ വിനയ് കുമാർ സക്സേന തറക്കല്ലിട്ടു. ലോക പൈതൃക ദിനത്തിലാണ് തറക്കല്ലിടൽ നടത്തിയത്. പാറപ്പുറത്ത് കൊത്തിയെടുത്തതോ വരച്ചതോ ആയ ചരിത്രാതീത കാലത്തെ ചിത്രങ്ങളും അടയാളങ്ങളുമാണ് പെട്രോഗ്ലിഫുകൾ. ക്രമരഹിതമായ ടൂറിസം, ദ്രൂതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനം, ബോധവൽക്കരണക്കുറവ് തുടങ്ങിയവയുടെ ഭീഷണി നേരിടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാചിത്രങ്ങളെ സംരക്ഷിക്കാനാണ് ഇത്തരമൊരു പാർക്കിലൂടെ ലക്ഷ‍്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ലഡാക്കിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നിലയിലും അപകടാവസ്ഥയിലും കാണപ്പെടുന്ന പെട്രോഗ്ലിഫുകൾ ഈ പാർക്കിലേക്ക് മാറ്റി സ്ഥാപിക്കും. ഇതിലൂടെ ഭാവി തലമുറകൾക്കായി ഇവ നിലനിലർത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേ സമയം സന്ദർശകർക്ക് ഈ പുരാതന കലാരൂപങ്ങളെക്കുറിച്ച് പഠിക്കാനുള്ള വേദിയായി പാർക്കിനെ മാറ്റും. ലഡാക്കിന്‍റ പുരാതന പൈതൃകം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്‍റെ ഭാഗമായുള്ള പാർക്കിന് ആർക്കൈവ്സ്, പുരാവസ്തു-മ്യൂസിയം വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും തമ്മിൽ ഇതിനോടകം ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ലഡാക്കിലുടനീളം ഏകദേശം 400 പ്രദേശങ്ങളിലായി നിരവധി പെട്രോഗ്ലിഫുകൾ ഉണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. സിന്ധു, സാൻസ്കർ നദീതീരങ്ങളിലുള്ള ഒറ്റപ്പെട്ട ശിലാചിത്രങ്ങൾ റോഡ് നിർമ്മാണം പോലുള്ള വികസനപ്രവർത്തനങ്ങളാൽ നശിക്കാനിടയുണ്ട്. ഇവയിൽ ചിലതിൽ ചൈനീസ്, അറബിക്, സംസ്കൃതം തുടങ്ങിയ പുരാതന ഭാഷകളിലുള്ള ലിഖിതങ്ങളും കാണപ്പെടുന്നു. അതേ സമയം ലഡാക്കിനെ `പുരാതന പൈതൃകത്തിന്റെ കലവറ' എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. വേട്ടയാടൽ രംഗങ്ങൾ, ഐബക്സ് , ഹിമപ്പുലി തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങൾ, പിൽക്കാലത്തെ ബുദ്ധമത ചിഹ്നങ്ങൾ എന്നിവ മനുഷ്യജീവിതത്തിന്റെ പരിണാമത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. `കാലാവസ്ഥാ വ്യതിയാനത്തേക്കാൾ ഉപരി റോഡ് നിർമ്മാണം, പാറ പൊട്ടിക്കൽ, നിയന്ത്രണമില്ലാത്ത ടൂറിസം എന്നിവയാണ് ഈ കലാരൂപങ്ങൾക്ക് വലിയ ഭീഷണി ഉയർത്തുന്നത്. ഇവ സംരക്ഷിക്കുക എന്നത് നമ്മുടെ ധാർമ്മിക ഉത്തരവാദിത്തമാണ്' വിനയ് കുമാർ സക്സേന വ്യക്തമാക്കി. വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അറിയപ്പെടാത്ത സ്ഥലങ്ങളെ ഉയർത്തികൊണ്ടുവരുന്നതിനുമായി 'പെട്രോഗ്ലിഫ് സർക്യൂട്ടുകൾ', 'ബുദ്ധ സർക്യൂട്ടുകൾ' എന്നിവ രൂപീകരിക്കാൻ അദ്ദേഹം നിർദേശിച്ചു. ശിലകളിൽ കൊത്തിയെടുത്ത ഈ ചരിത്രരേഖകൾ സംരക്ഷിക്കാൻ പ്രാദേശിക ജനവിഭാഗങ്ങളും യുവാക്കളും സന്യാസിമാരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത‍്യയിലെ ആദ്യ പെട്രോഗ്ലിഫ് കൺസർവേഷന്‍ പാർക്ക് ലഡാക്കിൽ സ… | Boolokam