അമേരിക്കയിൽ നിന്നുള്ള ഒരു വിമാന പരിശീലന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. 11 വയസ്സുമാത്രമുള്ള ഇന്ത്യൻ വംശജനായ ആൺകുട്ടിയാണ്, സാഹസികത കൊണ്ടും മനോധൈര്യംകൊണ്ടും ഇന്‍റർനെറ്റിനെ ഞെട്ടിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ ഓക്‌സ്‌നാർഡ് വിമാനത്താവളത്തിൽ നിന്നും ചിത്രീകരിച്ച വിഡിയോയിൽ ഋഷി ശർമ എന്ന 11 വയസ്സുകാരനാണ് വിമാനം ഓടിക്കുന്നത്. ഏറെ ആത്മവിശ്വാസത്തോടെയാണ് അവൻ വിമാനത്തിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. റൺവേയിൽ 'ടച്ച്-ആൻഡ്-ഗോ' തന്ത്രം വളരെ പരിചയ സമ്പന്നനായ ഒരു പൈലറ്റിനെപോലെ അവൻ നടപ്പാക്കി. റൺവേയിൽ വിമാനം ചെറുതായി സ്പർശിച്ചശേഷം ഉടൻ നിർത്താതെ വീണ്ടും പറന്നുയരുന്നതാണ് ടച്ച് ആൻഡ് ഗോ. ഈ കുട്ടിപ്പൈലറ്റിന്‍റെ വിഡിയോ മിനിറ്റുകൾക്കുള്ളിൽ രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരെ ആകർഷിച്ചു. ഋഷിയുടെ അരികിലിരുന്ന് ഇൻസ്ട്രക്ടർ അവന്റെ പ്രകടനത്തെ പ്രശംസിക്കുന്നുണ്ട്, 'വളരെ മികച്ച ലാൻഡിങ്' എന്ന് അദ്ദേഹം പറയുന്നത് കേൾക്കാം. യുവ പൈലറ്റിന്റെ ആത്മവിശ്വാസവും വൈദഗ്ധ്യവും അദ്ദേഹത്തെയും ആകർഷിച്ചു. വൈറലായ വിഡിയോ ലോകമെമ്പാടുമുള്ള വ്യോമയാന ആരാധകരെ ആവേശഭരിതരാക്കി. പലരും ഋഷിയെ ഭാവിയിൽ മികച്ച പൈലറ്റായി വളരാൻ ആശംസിക്കുകയാണ്. മുതിർന്ന പൈലറ്റുമാരേക്കാൾ നന്നായി അവൻ വിമാനം ഓടിക്കുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഏഴ് വയസ്സ് മുതൽ പൈലറ്റ് ആകുക എന്ന സ്വപ്നം പിന്തുടരുകയാണ് ഋഷി. വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, 'നല്ല ലാൻഡിങ് അല്ലെങ്കിൽ വെറും ഭാഗ്യം? ഓക്സ്നാർഡിലെ ടച്ച് ആൻഡ് ഗോ. കുട്ടി പൈലറ്റ്. സുഗമമായ ലാൻഡിങ്. യാത്രയിൽ ഒരു ചുവടുകൂടി’. ഇത്രയും ചെറുപ്പത്തിൽ തന്നെയുള്ള അവന്‍റെ ദൃഢനിശ്ചയത്തെ പ്രശംസിക്കുകയാണ് പ്രേക്ഷകർ.

ഇന്‍റർനെറ്റിനെ ഞെട്ടിച്ച് 11 വയസ്സുകാരൻ പൈലറ്റ്; വൈറലായി വിഡിയോ
M
MadhyamamSource Link
about 2 months ago