വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ചരിത്രപ്രസിദ്ധമായ ഇബ്രാഹിമി മസ്ജിദിന് മേൽ നിയന്ത്രണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം ഫലസ്തീനികളുടെ ആരാധനാസ്വാതന്ത്ര്യം പാടേ നിഷേധിക്കുന്നു. മസ്ജിദിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഇരുമ്പ് വേലികളും ഇലക്ട്രോണിക് ഗേറ്റുകളും സ്ഥാപിച്ച് പ്രദേശം ഒരു സൈനിക ബാരക്കിന് സമാനമായ അവസ്ഥയിലേക്ക് മാറ്റിയിരിക്കുകയാണ്. പള്ളിക്ക് വെറും 50 മീറ്റർ മാത്രം അകലെ താമസിക്കുന്ന ഫലസ്തീനികൾക്ക് പോലും സൈനിക ബാരിക്കേഡുകൾ കാരണം മൂന്ന് കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ആഴ്ചകളോളം പള്ളി ഫലസ്തീനികൾക്കായി അടച്ചിടുകയും അതേസമയം ജൂത കുടിയേറ്റക്കാർക്ക് മാത്രം പ്രവേശനം അനുവദിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. പള്ളി ഡയറക്ടർ മുഅ്തസ് അബു സ്നൈന ഉൾപ്പെടെയുള്ള ജീവനക്കാരെ പുറത്താക്കിയും ബാങ്ക് വിളി തടസ്സപ്പെടുത്തിയും പള്ളിയുടെ ഇസ്‌ലാമിക വ്യക്തിത്വം ഇല്ലാതാക്കി അതിനെ ഒരു ജൂത സിനഗോഗാക്കി മാറ്റാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് പ്രാദേശിക വൃത്തങ്ങൾ കുറ്റപ്പെടുത്തുന്നു. 1997ൽ ഹെബ്രോൺ കരാർ ഒപ്പിടുമ്പോൾ പഴയ നഗരത്തിൽ 35,000 ഫലസ്തീനികൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്നത് വെറും 7,000 ആയി ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം വെസ്റ്റ് ബാങ്കിൽ 51,370 പുതിയ കുടിയേറ്റ വീടുകൾക്കാണ് ഇസ്രായേൽ അനുമതി നൽകിയത്. ചെക്ക് പോസ്റ്റുകളും ബാരിക്കേഡുകളും കൊണ്ട് സ്വന്തം വീടുകളിൽ തടവിലാക്കപ്പെട്ട അവസ്ഥയിലാണ് ഇന്ന് ഹെബ്രോണിലെ ഓരോ ഫലസ്തീനിയും. വെസ്റ്റ് ബാങ്കിനെ പൂർണ്ണമായും ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹെബ്രോണിലെ ഈ വംശീയ നിയന്ത്രണങ്ങളെ മനുഷ്യാവകാശ സംഘടനകൾ വിലയിരുത്തുന്നത്.

ഇബ്രാഹിമി മസ്ജിദിൽ ഇസ്രായേൽ പിടിമുറുക്കുന്നു; ഫലസ്തീനികൾ സ്വന്തം മണ്ണിൽ തടവിൽ
M
MadhyamamSource Link
about 1 month ago