ഇരിങ്ങാലക്കുട: ബിഷപ്പ് ഹൗസിന് എതിർവശത്തായി പ്രവർത്തിക്കുന്ന സ്മിതാസ് സിൽക്സ് എന്ന വസ്ത്ര വ്യാപാര ശാലയിൽ വൻ തീപിടിത്തം. ഷോപ്പ് ഏകദേശം പൂർണമായും കത്തി നശിച്ചു. ചൊവ്വഴ്ച അർധരാത്രിയാണ് അപകടം. ഷോപ്പിൽ നവീകരണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. അടുത്ത് തന്നെ ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷ സേനയുടെ മൂന്ന് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥാപനത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്. ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ അഗ്നി-രക്ഷാ നിലയങ്ങളിൽ നിന്ന് വാഹനങ്ങളും ജീവനക്കാരും എത്തിയാണ് തീയണച്ചത്. കെട്ടിടത്തിന് അകത്തേക്ക് കയറാൻ പറ്റാത്ത രീതിയിൽ തീയും പുകയും ആയിരുന്നു. തീപിടിത്തത്തിൽ സ്റ്റോക്ക് ചെയ്തിരുന്ന വസ്ത്രങ്ങൾ കത്തിപ്പോവുകയും മറ്റു കെട്ടിടത്തിനും ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടു പറ്റുകയും പുകയേറ്റ് ഉപയോഗശൂന്യമാവുകയും ചെയ്തു. ഒന്നര കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമസ്ഥൻ ബാബു അറിയിച്ചു. ഇരിങ്ങാലക്കുട അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എം.എൻ. സുധന്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കെ.സി. സജീവ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർമാരായ കെ.കെ. രാധാകൃഷ്ണൻ, ഒ. മണികണ്ഠൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.ടി. ലൈജു, കെ.ആർ. സുജിത്ത്, കെ.എസ്. സജിത്ത്, കെ.എ. അക്ഷയ്, ഹോം ഗാർഡുമാരായ എം.എ. രാജു, ലിന്സോ പൗലോസ്, ജോസ് എന്നിവർ പങ്കെടുത്തു. ഇരിങ്ങാലക്കുട പൊലീസും സ്ഥലത്തെത്തിയിരുന്നു.

ഇരിങ്ങാലക്കുടയില് തുണിക്കടയിൽ തീപിടിത്തം;സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
M
MadhyamamSource Link
17 days ago