ഇറാനിലെ പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ വ്യോമാക്രമണം

ഇറാനിലെ പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ വ്യോമാക്രമണം

M
MadhyamamSource Link
തെഹ്റാൻ: ഇറാനിലെ സാമ്പത്തിക-ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും വ്യോമാക്രമണം നടത്തി. തെക്കുപടിഞ്ഞാറൻ ഇറാനിലെ മഹ്‌ശഹർ സ്പെഷൽ പെട്രോകെമിക്കൽ സോണിലും ബന്ദർ ഇമാം കോംപ്ലക്സിലുമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അബു അലി, റിജാൽ, അമീർ കബീർ തുടങ്ങി നിരവധി പ്രമുഖ പെട്രോകെമിക്കൽ കമ്പനികൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെത്തുടർന്ന് മേഖലയിലെ വ്യവസായ ശാലകളിൽനിന്ന് ജീവനക്കാരെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. അഞ്ച് പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. 'സാമ്പത്തിക കേന്ദ്രങ്ങളെ' ആക്രമിക്കാൻ ഇസ്രായേൽ സൈന്യത്തിന് രാഷ്ട്രീയ നേതൃത്വം നിർദേശം നൽകിയതിന് പിന്നാലെയാണ് ഈ നടപടി. രണ്ട് യു.എസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ നേരത്തെ അറിയിച്ചിരുന്നു. ആദ്യത്തേത് കോഗിലുയേ-ബോയർ അഹ്മദ് പ്രവിശ്യയിലും, രണ്ടാമത്തേത് ഗൾഫ് മേഖലയിലുമാണ് തകർന്നുവീണത്. ഈ ആക്രമണത്തിനുപിന്നാലെയാണ് ഇറാന്റെ പെട്രോകെമിക്കൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള യു.എസിന്റെയും ഇസ്രായേലിന്റെയും വ്യോമാക്രമണം. ഇറാനിലെ ബുശഹർ ആണവനിലയത്തിന് സമീപവും പ്രൊജക്ടൈൽ ആക്രമണമുണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) സ്ഥിരീകരിച്ചു. ആണവനിലയത്തിന്റെ സുരക്ഷാ ജീവനക്കാരിലൊരാൾ കൊല്ലപ്പെടുകയും നിലയത്തിലെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ യുദ്ധം കനക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച കരാജിലെ ബി-1 പാലത്തിനുനേരെ നടന്ന ആക്രമണത്തിൽ എട്ട് യു.എസ് സിവിലിയന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. തുടർന്ന് ഗൾഫ് മേഖലയിലെ അമേരിക്കൻ-ഇസ്രായേൽ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രങ്ങൾക്കുനേരെ ഇറാനും ആക്രമണം നടത്തിയിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനിലെ പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ വ്യോമാക്രമണം — Madhyam… | Boolokam