വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ അന്തിമഘട്ടത്തിലെന്ന അവകാശവാദവുമായി വീണ്ടും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം ഇതിനകം തന്നെ വിജയിച്ചുവെന്നും ഭരണമാറ്റമെന്ന ലക്ഷ്യം കൈവരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, തെഹ്റാൻ ഇക്കാര്യം നിഷേധിക്കുകയാണ്. സമാധാനശ്രമങ്ങൾക്കിടയിലും ഇറാനുനേരെ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണം തുടരുകയാണ്. തെക്കൻ തെഹ്റാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 12 പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിനു നേരെയും മിഡിൽ ഈസ്റ്റിലെ യു.എസ് താവളങ്ങൾക്കുനേരെയും ഇറാൻ പ്രത്യാക്രമണം നടത്തുന്നുണ്ട്. അതിനിടെ, പശ്ചിമേഷ്യയിലേക്ക് 1000 അമേരിക്കൻ സൈനികർ കൂടി എത്തും. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി യു.എസ്-ഇറാൻ പ്രതിനിധികൾ ഈ ആഴ്ച ആദ്യം ഇസ്‍ലാമാബാദിൽ കൂടിക്കാഴ്ച നടത്തുമെന്ന് നയതന്ത്ര വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. PRESIDENT TRUMP: Iran is going to make a deal. The new leadership gave us a significant present that showed me that we’re dealing with the right people. pic.twitter.com/abJ0TbdQpq — Department of State (@StateDept) March 24, 2026 മൂന്ന് ആഴ്ചയിലധികമായി നടക്കുന്ന അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ഇറാന്റെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും കൊല്ലപ്പെടുകയും സൈനിക ശേഷിയുടെ വലിയൊരു ഭാഗം നശിപ്പിച്ചതായും ട്രംപ് പറഞ്ഞു. ‘ഞങ്ങൾ ശരിയായ നേതാക്കളോടാണ് സംസാരിക്കുന്നത്, അവർ ഒരു കരാറിൽ എത്താൻ ഏറെ ആഗ്രഹിക്കുന്നു’ -ഓവൽ ഓഫിസിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഈജിപ്ത്, പാകിസ്താൻ, തുർക്കിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇറാനുമായുള്ള ചർച്ചകളിൽ തന്റെ മരുമകൻ ജാരെഡ് കുഷ്നർ, വൈറ്റ് ഹൗസ് ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെഡി വാൻസ് എന്നിവർ ഏർപ്പെട്ടിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ‘അവർ (ഇറാൻ) ഞങ്ങൾക്ക് ഒരു സമ്മാനം തന്നു, ആ സമ്മാനം ഇന്ന് കൈയിലെത്തി, ഏറെ വിലപ്പെട്ടതാണ് ആ സമ്മാനം, അത്യധികം മൂല്യമുള്ളത്. അത് എന്താണെന്ന് ഞാൻ നിങ്ങളോട് പറയില്ല, പക്ഷേ അത് വളരെ പ്രധാനപ്പെട്ടതാണ്’ -ട്രംപ് പറഞ്ഞു. അതേസമയം, യു.എസുമായി നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് ഇറാൻ വൃത്തങ്ങൾ പറയുന്നത്. ട്രംപ് ഭരണകൂടം മധ്യസ്ഥർ വഴി ഇറാന് 15 ഇന വെടിനിർത്തൽ പദ്ധതി സമർപ്പിച്ചതായി വാർത്ത ഏജൻസ് അസോസിയേറ്റഡ് പ്രസ്സ് (എ.പി) റിപ്പോർട്ട് ചെയ്തു. യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് പാകിസ്താൻ സൈനിക നേതൃത്വമാണ് മധ്യസ്ഥത വഹിക്കുന്നത്. സൈനിക മേധാവി അസിം മുനീർ ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു. ട്രംപും മുനീറും തമ്മിലുള്ള ഫോൺ കോളിന് പിന്നാലെ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാനുമായി സംസാരിച്ചുവെന്നും സംഭാഷണം, നയതന്ത്രം എന്നിവയുടെ അടിയന്തര ആവശ്യകതയെക്കുറിച്ച് ഇരുവരും സമ്മതിച്ചുവെന്നും ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്‍ലാമാബാദിലേക്ക് പോകാൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഈ ചർച്ച മുന്നോട്ട് നീങ്ങുന്നപക്ഷം യു.എസ് വൈസ് പ്രസിഡന്റ് ജേഡി വാൻസാണ് യു.എസിന്റെ ഭാഗത്തുനിന്ന് മുഖ്യ ചർച്ചക്കാരനായി മുന്നോട്ടുവെക്കപ്പെടുന്നതെന്നും പാക് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ചർച്ചയിൽ ഇറാന്റെ ഭാഗത്തുനിന്ന് ആര് പങ്കെടുക്കുമെന്നതിൽ സ്ഥിരീകരണമൊന്നുമില്ല. ഏറ്റവും സാധ്യതയുള്ളത് ഇറാന്റെ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണെന്ന് അനുബന്ധ വൃത്തങ്ങൾ പറഞ്ഞതായി ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.

ഇറാനുമായുള്ള കരാർ അരികെയെന്ന് ട്രംപ്, പ്രതികരിക്കാതെ തെഹ്റാൻ; പശ്ചിമേഷ്യയിലേക്ക് കൂടുതൽ അമേരിക്കൻ സൈന്യം
M
MadhyamamSource Link
about 2 months ago