വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാത്ത പക്ഷം നാറ്റോ (NATO) സഖ്യത്തിൽ നിന്ന് പിന്മാറുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നാറ്റോ സഖ്യത്തെ 'കടലാസ് കടുവ' എന്ന് വിശേഷിപ്പിച്ചത്. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെ തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ഹുർമുസ് കടലിടുക്ക് തുറക്കാനായി യുദ്ധക്കപ്പലുകൾ അയക്കണമെന്ന ട്രംപിന്റെ ആവശ്യം യൂറോപ്യൻ രാജ്യങ്ങൾ തള്ളിയതാണ് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചത്. ലോകത്തിലെ 20 ശതമാനം എണ്ണ കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നിരിക്കെ സഖ്യകക്ഷികൾ ഒഴിഞ്ഞുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു. ‘യുക്രെയ്ൻ നമ്മുടെ പ്രശ്നമല്ലായിരുന്നിട്ടും നമ്മൾ അവർക്കായി നിലകൊണ്ടു. അത് അവർക്കൊരു പരീക്ഷണമായിരുന്നു. എന്നാൽ നമുക്കൊരു ആവശ്യം വന്നപ്പോൾ അവർ കൂടെ നിന്നില്ല’- ഡോണാൾഡ് ട്രംപ് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ സഹകരിക്കാൻ വിസമ്മതിച്ച സ്റ്റാമറെ ബ്രിട്ടീഷ് നാവികസേനയുടെ ശോച്യാവസ്ഥ ഓർമിപ്പിച്ചാണ് ട്രംപ് പരിഹസിച്ചത്. നിങ്ങൾക്ക് ഒരു നാവികസേനയില്ലെന്നും പ്രവർത്തിക്കാത്ത വിമാനവാഹിനിക്കപ്പലുകളാണുള്ളതെന്നും ട്രംപ് കുറ്റപ്പെടുത്തി. നാറ്റോ അംഗങ്ങൾ കൃത്യമായി ഫണ്ട് നൽകുന്നില്ലെങ്കിൽ അവരെ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വിലക്കുവാനും ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ട്. ജർമ്മനിയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്ന കാര്യവും വൈറ്റ് ഹൗസിന്റെ പരിഗണനയിലാണ്. ഒരു സഖ്യകക്ഷി ആക്രമിക്കപ്പെട്ടാൽ എല്ലാവരും ചേർന്ന് പ്രതിരോധിക്കണം എന്ന നാറ്റോയിലെ ആർട്ടിക്കിൾ 5 ഇറാൻ യുദ്ധത്തിൽ ബാധകമല്ലെങ്കിലും തങ്ങളെ സഹായിക്കാത്ത രാജ്യങ്ങളുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ട്രംപ്. ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നത് തടയുക മാത്രമാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്നും രണ്ടാഴ്ചക്കുള്ളിൽ യുദ്ധം അവസാനിച്ചേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൂടാതെ എണ്ണ ആവശ്യമുള്ളവർ ഹുർമുസിൽ പോയി എടുത്തോളുവെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

ഇറാനുമായുള്ള യുദ്ധം; നാറ്റോ സഖ്യം വിടുമെന്ന മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്
M
MadhyamamSource Link
about 1 month ago