ഇറാനെതിരായ കടുത്ത പ്രസ്താവനകൾ തന്നെ തിരിച്ചടിയായി; ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത് സമ്മർദം മൂലമെന്ന് വിദേശകാര്യ വിദഗ്ധൻ

ഇറാനെതിരായ കടുത്ത പ്രസ്താവനകൾ തന്നെ തിരിച്ചടിയായി; ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത് സമ്മർദം മൂലമെന്ന് വിദേശകാര്യ വിദഗ്ധൻ

M
MadhyamamSource Link
ന്യൂഡൽഹി: ഇറാൻ ഒരു വൻ തകർച്ചയെ നേരിടേണ്ടി വരുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീവ്ര പ്രസ്താവനകൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്ന് അന്താരാഷ്ട്ര കാര്യ നിരീക്ഷകൻ. ഇറാന്റെ മുഴുവൻ നാഗരികതയും ഇല്ലാതാകുമെന്ന ട്രംപിന്റെ ഭീഷണി അന്താരാഷ്ട്ര തലത്തിലും അമേരിക്കയ്ക്കകത്തും വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചതാണ് പെട്ടെന്നുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് വിദേശകാര്യ വിദഗ്ധൻ റോബിന്ദർ സച്ച്‌ദേവ് പറഞ്ഞു. ഇറാനെതിരായ ആക്രമണം ആരംഭിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ലോകം ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങവെ, ഒരു നാഗരികതയെ തന്നെ ഉന്മൂലനം ചെയ്യുമെന്ന ട്രംപിന്റെ വാക്കുകൾ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ പോലും അതൃപ്തിയുണ്ടാക്കി. ഒരു നാഗരികതയെ ഇല്ലാതാക്കുമെന്ന് പറയുന്നത് ക്രിസ്തീയ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മാർപ്പാപ്പയും പരോക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് 'വർക്കബ്ൾ' എന്ന് വിശേഷിപ്പിച്ച ഇറാന്റെ 10 ഇന നിർദേശങ്ങൾ അംഗീകരിച്ച് വെടിനിർത്തലിലേക്ക് നീങ്ങിയതെന്ന് സച്ച്‌ദേവ് പറഞ്ഞു. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ ഈ സംഘർഷത്തിൽ ഇറാന്റെ നയതന്ത്ര വിജയമാണ് ദൃശ്യമാകുന്നത്. ഒരു വൻശക്തിയോടും ഇസ്രായേലിനെപ്പോലൊരു സൈനിക ശക്തിയോടും നേരിട്ട് ഏറ്റുമുട്ടിയിട്ടും ഇറാന്റെ ഭരണകൂടം തകരുകയോ കീഴടങ്ങുകയോ ചെയ്തില്ല. മാത്രമല്ല, ഹുർമുസ് കടലിടുക്കിന്മേൽ കൂടുതൽ നിയന്ത്രണം നേടിയെടുക്കാനും ഇറാന് സാധിച്ചു. എന്നാൽ, ഇസ്രായേൽ ഈ വെടിനിർത്തലിനോട് എത്രത്തോളം സഹകരിക്കുമെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ലബനാനിലെ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്രായേലിന്റെ നിലപാട് നിർണായകമാകും. ഇറാൻ-അമേരിക്ക സംഘർഷം അയയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദി ൽവെച്ച് നടക്കാനിരിക്കുന്ന രണ്ടാഴ്ചത്തെ ചർച്ചകൾ വരാനിരിക്കുന്ന സമാധാന ശ്രമങ്ങളിൽ നിർണായകമാകും. യു.എസ് താവളങ്ങൾ മേഖലയിൽനിന്ന് മാറ്റുക, മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുക തുടങ്ങിയ ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ എന്ത് തീരുമാനമുണ്ടാകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇറാന്റെ യുറേനിയം ശേഖരം നീക്കം ചെയ്യുന്നതിലോ മിസൈൽ പദ്ധതികൾ നിയന്ത്രിക്കുന്നതിലോ ട്രംപിന് ഇതുവരെ വ്യക്തമായ ഉറപ്പുകളൊന്നും നേടാനായിട്ടില്ല എന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനെതിരായ കടുത്ത പ്രസ്താവനകൾ തന്നെ തിരിച്ചടിയായി; ട്രംപ് വ… | Boolokam