വാഷിങ്‌ടൺ: വിചിത്ര അവകാശവാദവുമായി വീണ്ടും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്നോട് ഇറാന്‍റെ അടുത്ത 'പരമോന്നത നേതാവാകാൻ' താൽപര്യമുണ്ടോ എന്ന് ഇറാനിയൻ നേതൃത്വം അന്വേഷിച്ചെന്നും താൻ നിരാകരിച്ചുവെന്നുമാണ് ട്രംപിന്‍റെ വെളിപ്പെടുത്തൽ. വാഷിങ്‌ടണിൽ നടന്ന നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റി (എൻ.ആർ.സി.സി) വാർഷിക വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ ഭരണകൂടം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ തന്നോട് അടുത്ത പരമോന്നത നേതാവാകാൻ ആവശ്യപ്പെട്ടുവെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാൻ പ്രതിനിധികൾ അമേരിക്കയുമായി ചർച്ചയ്ക്ക് തയാറെടുക്കുന്നുണ്ടെന്നും എന്നാൽ സ്വന്തം ജനങ്ങളെ ഭയന്ന് അവർ അത് പരസ്യമായി സമ്മതിക്കാൻ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഇറാൻ രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനോ സമാധാന കരാറിനോ വേണ്ടി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ബാക്ക് ചാനൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇറാൻ വെടിനിർത്തലിനായി കാത്തിരിക്കുകയാണെന്നും ട്രംപ് ഉറപ്പിച്ചു പറയുന്നു. ട്രംപിന്‍റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വൻ പരിഹാസത്തിന് വഴിവെച്ചു. ഇറാന്‍റെ പരമോന്നത നേതാവാകാൻ ട്രംപിനെ ക്ഷണിച്ചു എന്നതിന് യാതൊരു സാധ്യതയുമില്ലെന്നും ട്രംപ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് വിമർശനം. ഇതിനുപിന്നാലെ, ട്രംപിനെ ഇറാന്‍റെ പരമോന്നത നേതാവായി ചിത്രീകരിക്കുന്ന എ.ഐ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇറാനിയൻ പരമ്പരാഗത വേഷവിധാനങ്ങളിൽ ട്രംപിനെ കാണിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് വൻതോതിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ഇത്തരം അവിശ്വസനീയ പ്രസ്താവനകൾ ട്രംപിന്റെ നയതന്ത്രപരമായ പരാജയത്തെയാണ് കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

ഇറാന്‍റെ 'പരമോന്നത നേതാവാകാൻ' ക്ഷണിച്ചെന്ന് ട്രംപ്; പരിഹസിച്ച് സോഷ‍്യൽ മീഡിയ
M
MadhyamamSource Link
about 1 month ago