കുവൈത്ത് സിറ്റി: ഇറാന്റെ തുടർച്ചയായ ആക്രമണാത്മക നടപടികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി കുവൈത്ത്. ആക്രമണങ്ങൾ പ്രാദേശിക സ്ഥിരതക്ക് ഭീഷണിയായതിനാൽ ആഗോള നിശബ്ദത ഇനി സ്വീകാര്യമല്ലെന്ന് കുവൈത്ത് വ്യക്തമാക്കി. ഗൾഫ് സഹകരണ കൗൺസിലിന്റെയും (ജി.സി.സി) കുവൈത്തിന്റെയും അഭ്യർഥന മാനിച്ച് വിളിച്ചുചേർത്ത യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ അടിയന്തര സമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്ൻ രാജ്യത്തിന്റെ നിലപാട് അറിയിച്ചത്. ഇറാൻ ലംഘനങ്ങൾ നിശബ്ദത അസ്വീകാര്യമാക്കുന്ന തരത്തിൽ തീവ്രതയുടെ പുതിയ തലത്തിലെത്തിയിരിക്കുന്നു. ആക്രമണങ്ങൾ അവസാനിപ്പിക്കാനും പ്രാദേശിക സമാധാനം നിലനിർത്താനും അന്താരാഷ്ട്ര സമൂഹം നിർണായക നടപടി സ്വീകരിക്കണം. ബുധനാഴ്ച റിയാദിൽ നടന്ന മന്ത്രിതല യോഗത്തെ ഇറാൻ ലക്ഷ്യമിട്ടതിനെ നാസർ അൽ ഹെയ്ൻ അപലപിച്ചു. ഇതിനെ രാജ്യങ്ങളുടെ അന്തസ്സിനു നേരെയുള്ള ആക്രമണം എന്നും നയതന്ത്ര പ്രതിരോധശേഷിയുടെയും അടിസ്ഥാന യു.എൻ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എണ്ണ ശുദ്ധീകരണശാലകൾ, വാതക പാടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്കെതിരായ ഇറാൻ ആക്രമണങ്ങളെയും ഉയർത്തിക്കാട്ടി. ഇവ സിവിലിയന്മാർക്കെതിരായ ‘മാനസികവും ശാരീരികവുമായ ഭീകരത’യാണെന്ന് വിശേഷിപ്പിച്ചു. സാമ്പത്തിക സൗകര്യങ്ങൾക്കും അന്താരാഷ്ട്ര ജലപാതകൾക്കും നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ വ്യവസ്ഥാപിതമായ സാമ്പത്തിക ആക്രമണത്തിന് തുല്യമാണ്. ഹുർമുസ് കടലിടുക്കിലെ നാവിഗേഷനു നേരെയുള്ള ഭീഷണികൾ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷന്റെ ലംഘനവും ആഗോള ഭക്ഷ്യ-ഔഷധ വിതരണങ്ങളെ അപകടത്തിലാക്കുന്നതുമാണെന്നും ചൂണ്ടികാട്ടി. യു.എൻ ചാർട്ടറിന് കീഴിലുള്ള നയതന്ത്രത്തിനും സമാധാനപരമായ സംഘർഷ പരിഹാരത്തിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. എന്നാൽ, ആവർത്തിച്ചുള്ള ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സുരക്ഷാ കൗൺസിൽ പ്രമേയം, ജനീവ കൺവെൻഷനുകൾ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളോടുള്ള നഗ്നമായ അവഗണനയാണ് കാണിക്കുന്നതെന്നും സൂചിപ്പിച്ചു. സ്വയം പ്രതിരോധിക്കാനുള്ള കുവൈത്തിന്റെയും അയൽ രാജ്യങ്ങളുടെയും പരമാധികാര അവകാശവും നാസർ അൽ ഹെയ്ൻ വ്യക്തമാക്കി.

ഇറാൻ ആക്രമണം; ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര നടപടിക്ക് ആഹ്വാനം ചെയ്ത് കുവൈത്ത്
M
MadhyamamSource Link
about 2 months ago