കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്ന് വടക്കൻ റെസിഡൻഷ്യൽ ഏരിയയിൽ അവശിഷ്ടങ്ങൾ വീണ് ആറു പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് സ്ത്രീകളെ പാരാമെഡിക്കൽ സംഘങ്ങൾ സംഭവസ്ഥലത്തുതന്നെ വൈദ്യസഹായം നൽകി. ഒരാളെ ജഹ്‌റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്കേറ്റ ചിലർ ജഹ്‌റ ആശുപത്രിയിലും സ്വയം ചികിത്സ തേടി. ആക്രമണത്തിൽ ആറു കേസുകൾ റിപ്പോർട്ടു ചെയ്തു. തലയിലും കൈകാലുകളിലും ഉണ്ടായ മുറിവുകൾ, ഉച്ചത്തിലുള്ള സ്ഫോടനങ്ങൾ മൂലമുള്ള താൽക്കാലിക കേൾവിക്കുറവ്, സ്ഫോടനവുമായി ബന്ധപ്പെട്ട വീഴ്ച മൂലമുണ്ടായ പരിക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ കേസുകളും സ്ഥിരതയുള്ളതാണെന്നും ആവശ്യമായ വൈദ്യസഹായം നൽകിയതായും ഗുരുതരമായ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. അടിയന്തര മെഡിക്കൽ ടീമുകളും ആംബുലൻസ് സേവനങ്ങളും ഉടൻ സംഭവസ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചിരുന്നു. കൂടുതൽ പരിക്കേറ്റ കേസുകൾ ഇല്ലന്ന് ഉറപ്പുവരുത്താൻ ഫീൽഡ് ടീമുകൾ പ്രശ്ന ബാധിത പ്രദേശത്ത് സമഗ്രമായ തിരച്ചിൽ നടത്തി.

ഇറാൻ ആക്രമണം; കുവൈത്തിൽ റെസിഡൻഷ്യൽ ഏരിയയിൽ അവശിഷ്ടങ്ങൾ വീണ് ആറു പേർക്ക് പരിക്ക്
M
MadhyamamSource Link
about 1 month ago