ഇറാൻ ഉപരോധത്തിനിടെ നാവികസേനാ തലവൻ ജോൺ ഫെലനെ പുറത്താക്കി ട്രംപ്

ഇറാൻ ഉപരോധത്തിനിടെ നാവികസേനാ തലവൻ ജോൺ ഫെലനെ പുറത്താക്കി ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധവും നാവിക ഉപരോധവും നിർണ്ണായക ഘട്ടത്തിൽ നിൽക്കെ അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫെലനെ സ്ഥാനത്തുനിന്ന് നീക്കി. ഫെലൻ ഉടനടി സ്ഥാനമൊഴിയുമെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചു. ഫെലന് പകരം അണ്ടർ സെക്രട്ടറി ഹങ് കാവോ നാവികസേനയുടെ താൽക്കാലിക ചുമതല വഹിക്കും. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് റിപ്പോർട്ടുകളുണ്ട്. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പത്തെ ദിവസം വരെ വാഷിങ്ടണിൽ നടന്ന നാവികസേനയുടെ വാർഷിക സമ്മേളനത്തിൽ ഫെലൻ സജീവമായി പങ്കെടുത്തിരുന്നു. അവിടെ നയപരമായ കാര്യങ്ങൾ വിശദീകരിക്കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പെട്ടെന്നുള്ള ഈ പടിയിറക്കം. പുറത്താക്കലിന്റെ കൃത്യമായ കാരണം വെളിപ്പെടുത്താൻ പെന്റഗൺ തയ്യാറായിട്ടില്ല. അതേസമയം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ പ്രതിരോധ വകുപ്പിൽ നടന്നുവരുന്ന വൻ അഴിച്ചുപണികളുടെ ഭാഗമായാണ് ഈ മാറ്റവും വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആർമി ചീഫ് റാൻഡി ജോർജ് ഉൾപ്പെടെയുള്ള പ്രമുഖരെ ഹെഗ്‌സെത്ത് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കപ്പൽ നിർമാണ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ഫെലൻ വരുത്തിയ കാലതാമസമാണ് ട്രംപിനെയും ഹെഗ്സെത്തിനെയും ചൊടിപ്പിച്ചത്. കൂടാതെ പ്രതിരോധ സെക്രട്ടറിയെ മറികടന്ന് ട്രംപുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഫെലൻ ശ്രമിച്ചിരുന്നതും പെന്റഗണിൽ അതൃപ്തിയുണ്ടാക്കി. ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഫെലനെ മാറ്റാനുളള നിർദേശത്തിന് ട്രംപ് പച്ചക്കൊടി കാട്ടുകയായിരുന്നു. ഇറാൻ തുറമുഖങ്ങൾക്ക് മേൽ യു.എസ് നാവികസേന ശക്തമായ ഉപരോധം തുടരുന്നതിനിടയിലാണ് ഈ നാടകീയ നീക്കം. ഇതുവരെ 31 കപ്പലുകളെ അമേരിക്കൻ സേന തടയുകയും തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഹുർമുസ് കടലിടുക്കിൽ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ സേനാതലപ്പത്തെ മാറ്റം ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. തന്റെ പുറത്താക്കൽ വാർത്ത വിശ്വസിക്കാൻ ഫെലൻ തയ്യാറായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. വൈറ്റ് ഹൗസിലെത്തിയ അദ്ദേഹം നേരിട്ട് ട്രംപിനെ കാണാൻ ശ്രമിച്ചു. തുടർന്ന് ട്രംപ് അദ്ദേഹവുമായി ഹ്രസ്വമായി സംസാരിക്കുകയും തൽസ്ഥാനത്ത് നിന്ന് നീക്കിയ വിവരം സ്ഥിരീകരിക്കുകയുമായിരുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ 2006-ൽ ഫെലൻ യാത്ര ചെയ്തതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ സുഹൃത്തിന്റെ ക്ഷണമനുസരിച്ചാണ് യാത്ര ചെയ്തതെന്നും എപ്‌സ്റ്റീനുമായി ബന്ധമില്ലെന്നുമായിരുന്നു ഫെലന്റെ വിശദീകരണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ ഉപരോധത്തിനിടെ നാവികസേനാ തലവൻ ജോൺ ഫെലനെ പുറത്താക്കി ട്ര… | Boolokam