ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധികൾ മൂലം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ശനിയാഴ്ച എക്സിൽ കുറിച്ച പോസ്റ്റിലൂടെയാണ് നിലവിലെ പ്രചാരങ്ങൾ വസ്തുതാപരമാണെന്ന് മന്ത്രാലയം അറിയിച്ചത്. പശ്ചിമേഷ‍്യയിലെ സംഘർഷങ്ങൾക്കിടയിലും ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ലഭ‍്യത ഉറപ്പാക്കാൻ ഇന്ത്യൻ റിഫൈനറികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇറാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് നിലവിൽ പേയ്‌മെന്റ് തടസ്സങ്ങളൊന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം പ്രതികരിച്ചു. 2002 ൽ നിർമ്മിച്ച `പിംഗ് ഷുൻ' എന്ന ടാങ്കർ ഇന്ത്യയിലെ വാഡിനാർ തുറമുഖത്ത് എത്തേണ്ടതായിരുന്നുവെന്നും എന്നാൽ അത് ചൈനയിലെ ഡോങ്‌യിംഗിലേക്ക് വഴിതിരിച്ചുവിട്ടെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണം. 80,000 മുതൽ 1,20,000 ടൺ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള അഫ്രാമാക്സ് ഇനത്തിൽപെട്ട കപ്പലാണിത്. ഏകദേശം 6 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കാൻ ഈ കപ്പലിന് സാധിക്കും. 2019 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ സമയം എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ഈ അവകാശവാദങ്ങൾക്ക് പിന്നിലെന്ന് മന്ത്രാലയം അറിയിച്ചു. കപ്പലുകളുടെ 'ബിൽ ഓഫ് ലാഡിംഗ്' സംവിധാനത്തിൽ ലക്ഷ്യസ്ഥാനം നൽകാറുണ്ടെങ്കിലും വ്യാപാര ലാഭത്തിനും പ്രവർത്തനപരമായ സൗകര്യങ്ങൾക്കും വേണ്ടി യാത്രയ്ക്കിടയിൽ ഇത് മാറ്റാൻ സാധിക്കും. ഇന്ത‍്യയിൽ വരും മാസങ്ങളിലേക്ക് അവശ‍്യമായ ക്രൂഡ് ഓയിലും സുലഭമാണ്. 40 ലധികം രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. വാണിജ്യപരമായ താൽപര്യങ്ങൾക്കനുസരിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യൻ കമ്പനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നിലവിൽ 44 ടി.എം.ടി ഇറാനിയൻ എൽ.പി.ജി ഇന്ധവുമായി `സീ ബേർഡ്' എ ടാങ്കർ ഏപ്രിൽ 2 ന് ഇന്ത്യയിലെ മംഗലാപുരത്ത് എത്തിയിട്ടുണ്ടെന്ന് എൽ.പി.ജി പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന അവകാശവാദങ്ങൾ തള്ളികൊണ്ട് മന്ത്രാലയം വ്യക്തമാക്കി.

ഇറാൻ എണ്ണ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടെന്ന വാർത്ത തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം
M
MadhyamamSource Link
about 1 month ago