റിയാദ്: ഇസ്‌ലാമിക ലോകത്തെ സുപ്രധാന വിഷയങ്ങളിൽ ഇറാൻ സ്വീകരിക്കുന്ന നിലപാടുകളെയും അവരുടെ വിനാശകരമായ ഇടപെടലുകളെയും രൂക്ഷമായി വിമർശിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ രംഗത്തെത്തി. മുസ്ലിം ലോകത്തെ പ്രശ്നങ്ങളിൽ ഇറാെൻറ യഥാർത്ഥ സംഭാവനകൾ എന്താണെന്ന് അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തു. യമനിലെ ഹൂതി മിലിഷ്യകൾക്കും, ലബനനിലെ ഹിസ്ബുള്ളയ്ക്കും ഇറാൻ നൽകുന്ന പിന്തുണ മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇറാഖിനെ തന്നെ ആക്രമിക്കുന്ന ഹാഷിദ് അൽ ഷാബി പോലുള്ള സായുധ സംഘങ്ങളെ ഇറാൻ പ്രോത്സാഹിപ്പിക്കുന്നത് ഇസ്‌ലാമിക ലോകത്തിന് എന്ത് ഗുണമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. സിറിയയിൽ മുൻ ഭരണകൂടം നടത്തിയ ക്രൂരകൃത്യങ്ങൾക്ക് പിന്തുണ നൽകിയതും, ലബനനിലെ രാഷ്ട്രീയ നേതാക്കളുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ചതും ഇറാെൻറ നയങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, ഇറാഖിെൻറ രാഷ്ട്രീയ തീരുമാനങ്ങൾ അട്ടിമറിക്കാൻ സായുധ ഗ്രൂപ്പുകളെ പ്രാപ്തമാക്കുന്നതിലൂടെ ആ രാജ്യത്തിെൻറ പരമാധികാരത്തെ ഇറാൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാമിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു എന്ന ഇറാെൻറ അവകാശവാദം വെറും പൊള്ളയാണെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. മുസ്ലിം സമൂഹത്തിെൻറ നന്മയ്ക്കായി ഇറാൻ ഒന്നും ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മറിച്ച് തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു മറയായി മാത്രമാണ് ഇത്തരം മുദ്രാവാക്യങ്ങളെ അവർ ഉപയോഗിക്കുന്നതെന്ന് പ്രസ്താവിച്ചു. തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ വിവിധ പ്രാദേശിക ഗ്രൂപ്പുകളെ ആയുധമാക്കി മാറ്റുന്ന ഇറാെൻറ രീതിയെ അതീവ ഗൗരവത്തോടെയാണ് സൗദി അറേബ്യ കാണുന്നതെന്ന് അദ്ദേഹം തെൻറ പ്രസ്താവനയിൽ അടിവരയിട്ടു.

ഇസ്‌ലാമിക ലോകത്തെ ഇറാെൻറ ഇടപെടലുകൾ വെറും മുദ്രാവാക്യങ്ങൾ മാത്രം -സൗദി വിദേശകാര്യ മന്ത്രി
M
MadhyamamSource Link
about 2 months ago