ദോഹ: രൂപയുടെ റെക്കോഡ് തകർച്ചയിൽ വിനിമയ നിരക്കിൽ നേട്ടം കൊയ്ത് ഖത്തർ റിയാൽ. വെള്ളിയാഴ്ച രാവിലെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 94 ലെത്തി. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്. ഇതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ ഖത്തർ റിയാൽ ഉയർച്ച രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒരു ഖത്തർ റിയാലിന് 26 രൂപക്ക് മുകളിലാണ്, കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവേർട്ടർ രേഖപ്പെടുത്തിയത്. ദോഹയിലെ വിവിധ കറൻസി വിനിമയ നിരക്ക് സ്ഥാപനങ്ങൾ 25.89 രൂപ ഒരു ഖത്തർ റിയാലിന് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ എത്താൻ കാരണം. ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഊർജവില വർധന കനത്ത തിരിച്ചടിയാകുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ബാരലിന് ഏകദേശം 73 ഡോളർ ആയിരുന്ന എണ്ണവില മാർച്ചിൽ 107.8 ഡോളറായി ഉയർന്നു. എണ്ണ, പ്രതിരോധ ഉപകരണങ്ങൾ, സ്വർണം, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവയുടെ വലിയ ഇറക്കുമതി ചെലവ് രൂപയുടെ മൂല്യത്തെ ദോഷകരമായി ബാധിക്കുന്നു. കഴിഞ്ഞ ആഴ്ച രൂപ ഡോളറിനെതിരെ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കായ 93.98 ൽ എത്തിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചശേഷം രൂപയുടെ മൂല്യം ഏകദേശം 3.5 ശതമാനമാണ് ഇടിഞ്ഞത്. രൂപയുമായുള്ള വിനിമയ നിരക്കിൽ മറ്റു ജി.സി.സി രാജ്യങ്ങളിലെയും കറൻസികളിൽ വെള്ളിയാഴ്ച ഉയർച്ച രേഖപ്പെടുത്തി. ഒരു കുവൈത്ത് ദീനാറിന് 306 രൂപയും ഒമാനി റിയാലിന് 245 രൂപയും ബഹ്റൈൻ ദീനാർ 250 രൂപക്ക് മുകളിലുമാണ് വിനിമയനിരക്ക് രേഖപ്പെടുത്തിയത്. യു.എ.ഇ, സൗദി കറൻസികളും വലിയ ഉയർച്ച രേഖപ്പെടുത്തി. എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. രൂപക്കെതിരെ റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. നാട്ടിലേക്ക് പണം അയക്കുമ്പോൾ ഉയർന്ന തുക ലഭിക്കും. എന്നാൽ നാട്ടിൽ വസ്തുക്കളുടെ വില ഉയരാൻ രൂപക്ക് തകർച്ച ഇടയാക്കും എന്നത് ആശങ്കസൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യൻ രൂപക്ക് റെക്കോഡ് തകർച്ച; വിനിമയ നിരക്കിൽ നേട്ടവുമായി ഖത്തർ റിയാൽ
M
MadhyamamSource Link
about 1 month ago