ദോഹ: ഇന്ത്യയിലെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ അംബാസഡർമാർ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ മറ്റ് ജി.സി.സി രാജ്യങ്ങളിലെ പ്രതിനിധികൾക്കൊപ്പം ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസ്സൻ ജാബർ അൽ ജാബിർ പങ്കെടുത്തു. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വികസനങ്ങളും ജി.സി.സി, അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങളും ആക്രമണങ്ങൾ തടയേണ്ടതിന്റെയും ഊർജ സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയത്തിനുള്ള പിന്തുണ ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകൾക്കും, പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കും അംബാസഡർമാർ നന്ദി പ്രകടിപ്പിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന യോഗം തുടർച്ചയായ ഏകോപനത്തെയും ദീർഘകാല പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നതായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ പങ്കുവെച്ചു. സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും അടിസ്ഥാന സൗകര്യങ്ങളും ജലപാതകളും സംരക്ഷിക്കുന്നതിനും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനും സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും ഓർമിപ്പിച്ചു.

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ജി.സി.സി അംബാസഡർമാർ കൂടിക്കാഴ്ച നടത്തി
M
MadhyamamSource Link
about 1 month ago