മക്ക: വിശുദ്ധ റമദാനിൽ മക്കയിലെയും മദീനയിലെയും തീർഥാടകർക്കും സന്ദർശകർക്കുമായി വിപുലമായ ഇഫ്താർ പദ്ധതിയുമായി സൗദി അറേബ്യയുടെ ദേശീയ ചാരിറ്റബിൾ പ്ലാറ്റ്ഫോമായ ‘ഇഹ്സാൻ’. ഇരുഹറം പരിപാലന ജനറൽ അതോറിറ്റിയുമായി സഹകരിച്ച് പ്രതിദിനം 10 ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ പാക്കറ്റുകളാണ് പ്ലാറ്റ്ഫോം വഴി വിതരണം ചെയ്യുന്നത്. ഔദ്യോഗികവും സുരക്ഷിതവുമായ മാർഗങ്ങളിലൂടെ ദാതാക്കൾക്ക് തങ്ങളുടെ വിഹിതം കൈമാറാൻ അവസരമൊരുക്കുന്ന ‘ഇഫ്താർ മീൽസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ വിതരണം നടക്കുന്നത്. റമദാൻ മാസത്തിന്റെ തുടക്കം മുതൽ ഇതുവരെ ഇരുഹറമുകളിലുമായി ഏകദേശം 2.3 കോടിയിലധികം ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വിശുദ്ധ മണ്ണിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഹറമിലെത്തുന്ന തീർഥാടകർക്കും ആരാധകർക്കും മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം പുണ്യമാസത്തിലെ ദാനധർമ്മങ്ങൾ സുതാര്യമായി അർഹരിലേക്ക് എത്തിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇരുഹറമുകളിൽ വഴി പ്രതിദിനം 10 ലക്ഷം ഇഫ്താർ പാക്കറ്റുകൾ
M
MadhyamamSource Link
about 2 months ago