വാഷിങ്ടൺ: ആഗോള എണ്ണ പ്രതിസന്ധി രൂക്ഷമായിരിക്കെ, ഇറാനിൽനിന്നുള്ള എണ്ണക്ക് ഏർപ്പെടുത്തിയ ഉപരോധം യു.എസ് താൽക്കാലികമായി മരവിപ്പിച്ചു. എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പാക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. മാർച്ച് 20 മുതൽ ഏപ്രിൽ 19 വരെയാണ് ഉപരോധത്തിൽ ഇളവ്. എന്നാൽ, ഈ ഇളവ് ഉപയോഗിച്ച് ക്യൂബ, ഉ. കൊറിയ, യുക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് അനുമതിയുണ്ടായിരിക്കില്ലെന്നും ട്രഷറി ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തേ, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധവും യു.എസ് ഭാഗികമായി നീക്കിയിരുന്നു. ഇറാനിൽനിന്നുള്ള എണ്ണ ചൈന കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുകയാണെന്നാണ് യു.എസിന്റെ ആരോപണം. ഈ ശേഖരം ലോകത്തിനായി താൽക്കാലികമായി തുറന്നുകൊടുക്കുന്നതിലൂടെ ഏകദേശം 14 കോടി ബാരൽ എണ്ണ വിപണിയിലേക്ക് എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് ബെസെന്റ് പറഞ്ഞു. എന്നാൽ, യു.എസിന്റെ നടപടി അവഗണിച്ചിരിക്കുകയാണ് ഇറാൻ. അന്താരാഷ്ട്ര വിപണിക്ക് നൽകാൻ തങ്ങളുടെ കൈവശം ക്രൂഡ് ഓയിൽ ഇല്ലെന്ന് ഇറാൻ ഊർജ മന്ത്രാലയം അറിയിച്ചു.

ഇറാന്റെ എണ്ണ ഉപയോഗിക്കാം എണ്ണ ഉപരോധം താൽക്കാലികമായി മരവിപ്പിച്ച് യു.എസ്
M
MadhyamamSource Link
about 2 months ago