ദോഹ: യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇറാൻ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ആക്രമണത്തിനായി തങ്ങളുടെ മണ്ണ് ഉപയോഗിച്ചിട്ടില്ലെന്നും എന്നാൽ, ഖത്തറിനെയും അയൽരാജ്യങ്ങളെയും ലക്ഷ്യം വെക്കുന്നത് ഇറാൻ തുടരുകയാണെന്നും ഖത്തർ പ്രതിനിധി കുറ്റപ്പെടുത്തി. ജനീവയിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഖത്തർ സ്ഥിരം പ്രതിനിധി ഹിന്ദ് അബ്ദുൽ റഹ്മാൻ അൽ മുഫ്തയാണ് ഇറാൻ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചത്. ആക്രമണം ഖത്തറിന്റെ അഖണ്ഡതക്കെതിരെയുള്ളതാണ്. യു.എൻ ചാർട്ടറിന്റെ ലംഘനവുമാണ്. ആക്രമണം ലോക സമാധാനത്തെയും സുരക്ഷയെയും മാത്രമല്ല, മനുഷ്യാവകാശങ്ങളെ കൂടി ബാധിക്കുന്നതാണ്. ഇത് തങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഇനി നിശബ്ദത പാലിക്കാനാകില്ലെന്നും ഹിന്ദ് അൽ മുഫ്ത പറഞ്ഞു. സംഘർഷത്തിൽ ഖത്തർ ഒരിക്കൽ പോലും പങ്കാളിയായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ തങ്ങൾ ഇതിന്റെ ഭാഗമായിരുന്നില്ല. എന്നാൽ, ഇങ്ങനെ ആർക്കൊപ്പവും ചേരാത്ത ഒരു രാജ്യത്തെയാണ് ഇറാൻ ആക്രമിച്ചത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഹിന്ദ് അൽ മുഫ്ത പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി.

ഇറാൻ ആക്രമണത്തിനെതിരെ രൂക്ഷവിമർശനവുമായി ഖത്തർ
M
MadhyamamSource Link
about 1 month ago