ബംഗളൂരു: കേന്ദ്ര സർക്കാറും ഏജൻസികളും കോൺഗ്രസ് അംഗങ്ങളെ ലക്ഷ്യമിട്ട് അവരുടെ സ്വത്തുക്കള്‍ നിരന്തരം റെയ്ഡ് നടത്തുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ബി.ജെ.പി നേതാക്കൾക്കെതിരെ ഇത്തരം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട കേസുമായി കർണാടക കോൺഗ്രസ് എം.എൽ.എ. എൻ.എ. ഹാരിസിന്‍റെ മക്കളും മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി കെ. റഹ്മാൻ ഖാന്‍റെ ചെറുമകനും ഉൾപ്പെടെ നിരവധി വ്യക്തികളുടെ വീടുകളില്‍ തിങ്കളാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എയുടെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഒമർ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും മുതിർന്ന കോൺഗ്രസ് നേതാവ് കെ. റഹ്മാൻ ഖാന്റെ ചെറുമകൻ അഖീബ് ഖാനുമായി ബന്ധമുള്ള ഇടങ്ങളിലുമാണ് പരിശോധന നടത്തിയത്. ദേശീയ, അന്തർദേശീയ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യൽ, ബിറ്റ് കോയിനുകൾ മോഷ്ടിക്കൽ, ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകൾ വഴി മോഷ്ടിച്ച വെർച്വൽ ഡിജിറ്റൽ അസറ്റുകൾ (വി.ഡി.എകൾ) വിൽപന എന്നിവയുമായി ബന്ധപ്പെട്ട 2017 ലെ കേസിൽ കർണാടക പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ്.

ഇ.ഡി റെയ്ഡ്; കേന്ദ്രം കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്നു -സിദ്ധരാമയ്യ
M
MadhyamamSource Link
18 days ago