കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ 65 റൺസിനാണ് ഇഷാൻ കിഷനും സംഘവും തകർത്തുകളഞ്ഞത്. ഹൈദരാബാദ് ഉയർത്തിയ 227 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയെ 16 ഓവറിൽ 161 റൺസിന് ഹൈദരാബാദ് എറിഞ്ഞിട്ടു. ഹൈദരാബാദിന് വേണ്ടി ജയ്‌ദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഈഷാൻ മലിംഗയും നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. കൊൽക്കത്തയ്ക്ക് വേണ്ടി അംഗ്കൃഷ് രഘുവംശി അർധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 29 പന്തിൽ 52 റൺസെടുത്ത അംഗ്കൃഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 7 പന്തിൽ 28 റൺസെടുത്ത ഫിൻ അലനും 25 പന്തിൽ 35 റൺസടിച്ച റിങ്കു സിംഗും മാത്രമാണ് കൊൽക്കത്തയ്ക്ക് വേണ്ടി പൊരുതിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിനാണ് 226ലെത്തിയത്. ഹെയ്ൻറിച് ക്ലാസൻ (35 പന്തിൽ 52) അർധ ശതകം നേടി. ഓപണർമാരായ ട്രാവിസ് ഹെഡ് 21 പന്തിൽ 46ഉം അഭിഷേക് ശർമ 21 പന്തിൽ 48ഉം റൺസ് ചേർത്തു. കൊൽക്കത്തക്കായി പേസർ ബ്ലെസിങ് മുസറാബാനി നാല് വിക്കറ്റ് വീഴ്ത്തി. ഹെഡ്-അഭിഷേക് ഓപണിങ് ജോടി കത്തിക്കയറിയപ്പോൾ സൺറൈസേഴ്സ് ഐ.പി.എല്ലിലെ ഉയർന്ന സ്കോറെന്ന സ്വന്തം റെക്കോഡ് ഒരിക്കൽക്കൂടി പുതുക്കുമെന്ന പ്രതീതിയുണ്ടാക്കി. വൈഭവ് അറോറ എറിഞ്ഞ ഒന്നാം ഓവറിൽ ആറ് റൺസേ പിറന്നുള്ളൂവെങ്കിലും പിന്നെ കാര്യങ്ങൾ കെ.കെ.ആറിൽനിന്ന് കൈവിട്ടു. മുസറാബാനിയെയും തുടർന്ന് അറോറയെയും കൈകാര്യം ചെയ്ത അഭിഷേകും ഹെഡും ഇടക്കെത്തിയ സുനിൽ നരെയ്ൻ ബഹുമാനിച്ചത് മാത്രം ആശ്വാസം. വരുൺ ചക്രവർത്തിയെറിഞ്ഞ അഞ്ചാം ഓവറിൽ അഭിഷേക് അടിച്ചുകൂട്ടിയത് 24 റൺസ്. എക്സ്ട്രായടക്കം 25 റൺസാണ് വരുൺ ഈ ഓവറിൽ വഴങ്ങിയത്. അഞ്ച് ഓവർ പിന്നിടുമ്പോൾ സ്കോർ 71. പേസർ കാർത്തിക് ത്യാഗിയുടെ വരവ് ഹെഡിന് മടക്ക ടിക്കറ്റ് സമ്മാനിച്ചു. അർധ ശതകത്തിലേക്ക് നീങ്ങിയ ബാറ്ററെ ആസ്ട്രേലിയൻ ടീമിലെ സഹതാരം കാമറൂൺ ഗ്രീൻ കൈപ്പിടിയിലൊതുക്കി. ആറ് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു പ്രകടനം. 82ലാണ് ആദ്യ വിക്കറ്റ് വീണത്. അടുത്ത ഓവറിൽ നരെയ്നെ അഭിഷേക് വെറുതെവിട്ടില്ല. മറുതലക്കൽ ക്യാപ്റ്റൻ ഇഷാൻ കിഷനും ഫോമിലേക്കുയരവെ എട്ടാം ഓവറിൽ ഹൈദരാബാദ് 100 കടന്നു. അടുത്ത ഓവറിൽ പക്ഷെ, ഇഷാനെ (ഒമ്പത് പന്തിൽ 14) ബൗണ്ടറി ലൈനിൽ ഉജ്വല ക്യാച്ചിലൂടെ റിങ്കു സിങ് പറഞ്ഞവിട്ടു. മുസറബാനിക്കായിരുന്നു വിക്കറ്റ്. ഈ ഓവറിൽ ഒറ്റ പന്തിന്റെ ഇടവേളയിൽ അഭിഷേകും പുറത്ത്. നാല് വീതം ഫോറും സിക്സുമടങ്ങിയ ഇന്നിങ്സ് വരുണിന്റെ തകർപ്പൻ ക്യാച്ചിൽ അവസാനിച്ചു. മൂന്നിന് 112. പത്താം ഓവറിൽ അനികേത് വർമയും (1) കൂടാരം കയറി. അനുകൂൽ റോയിയുടെ പന്തിൽ റിങ്കുവിന് മറ്റൊരു മികച്ച ക്യാച്ച്. ഇതോടെ പ്രതിസന്ധിയിലായ ടീമിനായി ക്ലാസനും നിതീഷ് കുമാറും ചേർന്ന് പോരാടി. ഇടക്ക് റൺറേറ്റ് താഴ്ന്നെങ്കിലും 18 ഓവറിൽ 200 തികച്ചു. അറോറയുടെ 19ാം ഓവറിലെ ആദ്യ രണ്ട് പന്തുകൾ ഹൈദരാബാദിന് നാശം വിതച്ചു. 24 പന്തിൽ 39 റൺസെടുത്ത നിതീഷ് കുമാർ വരുണിന്റെ കൈകളിൽ. തൊട്ടടുത്ത പന്തിൽ സലിൽ അറോറ (0) ഗോൾഡൻ ഡക്കായി ക്ലീൻ ബൗൾഡ്. 20ാം ഓവറിൽ മുസറാബാനിയെ കൈകാര്യം ചെയ്ത് അർധ ശതകം കടന്ന ക്ലാസനെ നാലാം പന്തിൽ രമൺദീപ് സിങ് പിടിച്ചു. നാല് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു പ്രകടനം. അവസാന പന്തിൽ ശിവാങ് കുമാറിനെ (4) കൊൽക്കത്ത നായകൻ അജിൻക്യ രഹാനെയും പിടിച്ചതോടെ ഇരകളുടെ എണ്ണം നാലാക്കി സിംബാബ്‌വെ ബൗളർ. മൂന്ന് പന്തിൽ ഒമ്പത് റൺസുമായി ഹർഷ് ദുബെ പുറത്താവാതെ നിന്നു.

ഈഡൻ ഗാർഡനിൽ ഉദിച്ചുയർന്ന് ഹൈദരാബാദ്; കൊൽക്കത്തയെ തകർത്തത് 65 റൺസിന്
M
MadhyamamSource Link
about 1 month ago