മസ്കത്ത്: വേനൽക്കാലത്തെ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് 500 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴയും മറ്റുനടപടികളും നേരിടേണ്ടി വരുമെന്ന് മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി വിഭാഗം മേധാവി ദാവൂദ് ബിൻ സുലൈമാൻ അൽ ഗഫ്രി വ്യക്തമാക്കി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഈ മാസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. നിർമ്മാണ മേഖലകളിലും മറ്റ് തുറസ്സായ തൊഴിലിടങ്ങളിലും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പരിശോധനകൾ ആരംഭിക്കും. നിരോധിത സമയങ്ങളിൽ ജോലി ചെയ്യിപ്പിക്കുക, ഷിഫ്റ്റുകൾ പുനഃക്രമീകരിക്കാതിരിക്കുക, മതിയായ സുരക്ഷ മുൻകരുതലുകൾ എടുക്കാതിരിക്കുക എന്നിവ നിയമലംഘനമായി കണക്കാക്കും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അടിയന്തര സേവന വിഭാഗങ്ങൾ തുടങ്ങിയ മേഖലകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ മുൻകൂട്ടി അനുമതി വാങ്ങുകയും തൊഴിലാളികൾക്ക് എസി വിശ്രമമുറികൾ, തണുത്ത കുടിവെള്ളം, ഒന്നിലധികം ടീമുകളായി ജോലി ഷിഫ്റ്റ് എന്നിവ ഉറപ്പാക്കുകയും വേണം. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ നിയമം വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം ഓർമിപ്പിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കാൻ പൊതുജനങ്ങളോടും തൊഴിലാളികളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 1,000 റിയാൽ വരെ പിഴ; കമ്പനികൾക്ക് മുന്നറിയിപ്പുമായി ഒമാൻ
M
MadhyamamSource Link
about 8 hours ago
