ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മെഡിക്കൽ വിദ്യാർഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടേൽ നഗർ മേഖലയിൽ ഉപേക്ഷിച്ച കാറിൽ സംശയാസ്പദമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്‍റെ തലേദിവസം രാത്രി പെൺകുട്ടി പിതാവിനോട് സംസാരിച്ചിരുന്നതായും വലിയ വിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. അതേ സമയം മകളുടെ മരണത്തിന് ഉത്തരവാദി പെൺകുട്ടി പഠിച്ചിരുന്ന മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്ന് കുടുംബം ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബവുമായുള്ള അവസാന ഫോൺ സംഭാഷണത്തിൽ പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും വ്യക്തമാക്കി. ഡെറാഡൂണിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു വിദ്യാർഥിനി. അവസാന ഫോൺ കോളിന് ശേഷം പെൺകുട്ടിയെ ബന്ധപ്പെടാൻ കുടുംബത്തിന് സാധിക്കാത്തതിനെ തുടർന്ന് പിതാവ് ഡെറാഡൂണിൽ എത്തി താമസസ്ഥലത്തും കോളേജിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ ജനൽ ചില്ല് തകർത്താണ് വിദ്യാർഥിനിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേ സമയം പെൺകുട്ടി ദീർഘകാലമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നും മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും കോളേജ് അറിയിച്ചു. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ രക്ഷിതാക്കൾ വകുപ്പ് മേധാവിക്ക് സമർപ്പിച്ചിരുന്നുവെന്നും കോളേജ് അധികൃതർ കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിൽ മെഡിക്കൽ വിദ്യാർഥിനി കാറിനുള്ളിൽ മരിച്ച നിലയിൽ
M
MadhyamamSource Link
about 1 month ago