ഉദയകുമാർ ഉരുട്ടിക്കൊല; പൊലീസുകാരെ വെറുതെവിട്ടതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ

ഉദയകുമാർ ഉരുട്ടിക്കൊല; പൊലീസുകാരെ വെറുതെവിട്ടതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയിൽ. പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നും പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അപ്പീൽ. കേസിലെ ഒന്നാം പ്രതിയായ കെ. ജിതകുമാർ, നാല് മുതൽ ആറുവരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ വെറുതെവിട്ട ഹൈകോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമായ കസ്റ്റഡി പീഡനമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകൾ ഉദയകുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നും സി.ബി.ഐ അപ്പീലിൽ ചൂണ്ടിക്കാട്ടി. ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിനെ 2005ലാണ് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് പൊലീസുകാർ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയത്. സ്റ്റേഷനിൽ വെച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്കു കൈമാറുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉദയകുമാർ ഉരുട്ടിക്കൊല; പൊലീസുകാരെ വെറുതെവിട്ടതിനെതിരെ സി.ബി… | Boolokam