കോഴിക്കോട്: ഉപമുഖ്യമന്ത്രി സ്ഥാനം ഇപ്പോൾ അജണ്ടയിൽ ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഞങ്ങളൊന്നും പറഞ്ഞിട്ടില്ല. യു.ഡി.എഫ് ഭരണവുമായി മുന്നോട്ടുപോകണമെന്ന ജനവിധിയാണ് പെട്ടിയിൽ ഉറങ്ങുന്നത്. അത് നാലാം തീയതി പുറത്തുവരും. ആ ജനവിധിക്കനുസരിച്ച് ആയിരിക്കും ലീഗും തീരുമാനമെടുക്കുക. അമിത ആവശ്യങ്ങൾ ലീഗ് ഉന്നയിക്കില്ല. ലീഗിന് അർഹതപ്പെട്ടത് എപ്പോഴും യു.ഡി.എഫ് തന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്, നാലം തീയതി തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാമെന്നും ശേഷം ഉചിതമായ തീരുമാനത്തിലേക്ക് വരേണ്ടതുണ്ടാകുമെന്നും അപ്പോൾ ലീഗും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. അതുവരെ സംസാരിച്ചോട്ടെ, കുഴപ്പമില്ല. നാലാം തീയതിക്കുശേഷം തർക്കമൊന്നും പാടില്ല. നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടിയാകും -സാദിഖലി തങ്ങൾ പറഞ്ഞു.

ഉപമുഖ്യമന്ത്രി സ്ഥാനം ഇപ്പോൾ അജണ്ടയിൽ ഇല്ല -സാദിഖലി തങ്ങൾ
M
MadhyamamSource Link
22 days ago