ഉപ്പയോടൊത്തുള്ള അത്താഴം

ഉപ്പയോടൊത്തുള്ള അത്താഴം

M
MadhyamamSource Link
നോമ്പ് കാലത്തെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ഓർമ്മയാണ് ഉപ്പയോടൊപ്പമുള്ള മധുരമുള്ള അത്താഴം. അത്താഴം മധുരമാകാൻ കാരണം ഉപ്പയുണ്ടാക്കുന്ന ഈത്തപ്പഴം അച്ചാർ ആണ്. ഷുഗർ രോഗിയായിരുന്നതിനാൽ ഉപ്പ എല്ലാ നോമ്പും എടുക്കാറില്ല. അതിനു പകരമായി അരി ദാനം ചെയ്യുകയായിരുന്നു പതിവ്. എന്നിരുന്നാലും അവസാന പത്ത് എങ്ങനെയെങ്കിലും എടുക്കാറുണ്ട്. ആ സമയത്ത് അത്താഴത്തിന് കഴിക്കാൻ പ്രമാദമായ ഈത്തപ്പഴത്തിന്റെ അച്ചാർ ഉപ്പ തന്നെ ഉണ്ടാക്കും. ഉപ്പാക്ക് എന്നോട് വലിയ വാത്സല്യമായിരുന്നു. എല്ലാ ഉപ്പമാരെയും പോലെ ഉള്ളിലുള്ള സ്നേഹം പുറത്ത് പ്രകടിപ്പിക്കാൻ എന്റെ ഉപ്പക്കും അറിയില്ലായിരുന്നു. അതു കൊണ്ടു തന്നെ ചെറുപ്പം മുതൽ ഉമ്മയെ ചുറ്റിപ്പറ്റിയാണ് എന്റെ ബാല്യകാലം. മുതിർന്നപ്പോൾ തേങ്ങ ഉണക്കി വെളിച്ചെണ്ണ ഉണ്ടാക്കുന്ന കാര്യത്തിന് കൈ സഹായത്തിനും, പീടികയിൽ ഉപ്പയുടെ കൂടെയും വർഷങ്ങളോളം ഉണ്ടായിരുന്നു. ഉപ്പ വിടപറഞ്ഞു വർഷങ്ങൾ കഴിഞ്ഞു. ആ ബാലയകാലത്തെ കുറിച്ചോർക്കുമ്പോൾ ഇന്നും സന്തോഷമാണ്. അതുപോലെ ഓർക്കുമ്പോൾ ഇപ്പോഴും നടുക്കം തോന്നുന്ന ഒരു സംഭവവും ഉണ്ട്. പെരുന്നാൾ അടുത്താൽ ഉപ്പയുടെ ഷോപ്പിന്റെ സ്റ്റോർ റൂമിനു മുന്നിലായി പടക്ക കച്ചവടം നടത്തിയിരുന്നു. ചെറിയ പ്രായത്തിൽ വൈകിട്ട് അവിടെ പോയി അതൊക്കെ നോക്കിയിരിക്കൽ പതിവായിരുന്നു. അങ്ങിനെ ഒരു ദിവസം പതിവുപോലെ പടക്ക കച്ചവടം നടക്കുന്നതും നോക്കിയിരുന്നു കുറെ നേരം കഴിഞ്ഞപ്പോൾ ഉറക്കം വന്നു സ്റ്റോറിൽ അട്ടിയിട്ടിരുന്ന അരി ചാക്കുകൾക്കിടയിൽ പോയി കിടന്നു. അതൊരു പെരുന്നാളിന്റെ തലേന്നായിരുന്നു. അടുത്ത ദിവസം ആഘോഷിക്കുന്ന പെരുന്നാളിനെ മനസ്സിൽ സ്വപ്‌നങ്ങൾ നെയ്തു അങ്ങിനെ ഉറങ്ങുകയും ചെയ്തു. സമയം ഒരുപാടു വൈകി കടയിലെ തിരക്കുകൾ എല്ലാം കഴിഞ്ഞു. പെരുന്നാളിന് വേണ്ട സാധനങ്ങളുമായി കട അടച്ചു എല്ലാവരും പോയി. ഞാൻ അവിടെ കിടക്കുന്ന കാര്യം ആർക്കും അറിയില്ലായിരുന്നു. ആ റൂമിനാണങ്കിൽ വേറെ വാതിലോ ജനലുകളോ ഇല്ല, ഫ്രന്റിലെ ഷട്ടർ മാത്രം ഉണ്ടായിരുന്നുള്ളൂ. ഉപ്പയും കടയിലെ ജോലിക്കാരും വീട്ടിൽ എത്തി പെരുന്നാൾ സാധനങ്ങൾ നോക്കിയപ്പോഴാണ് സദ്യക്കുള്ള ചെറുപഴം എടുക്കാൻ മറന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. അങ്ങിനെ കടയിലെ ജോലിക്കാരനായ ഹൈദർക്ക തിരിച്ചു പോയി സ്റ്റോർ തുറന്നു പഴുക്കാൻ വെച്ച പഴക്കുല എടുക്കാൻ ചാക്ക് നീക്കിയപ്പോഴാണ് കാലി ചാക്കുകൾക്കിടയിൽ ഒരു കുഞ്ഞി കാല് കാണുന്നത്, ഹൈദർക്ക ബേജാറോടെ വേഗം മുകളിലായി ഇട്ടിരുന്ന ചാക്കുകൾ എല്ലാം നീക്കി, സുഖ ശയനത്തിലായ എന്നെ തട്ടി എണീപ്പിച്ചു, വേഗം വീട്ടിലേക്കു കൊണ്ടുപോയി. അപ്പോഴാണ് ഞാൻ അവിടെ കിടന്ന കാര്യം എല്ലാരും അറിയുന്നത്അന്ന് പഴക്കുല എടുക്കാൻ ഓർത്തില്ലായിരുന്നുവെങ്കിൽ എന്നെ അന്വേഷിച്ചു പരിഭ്രാന്തരായി വീട്ടുകാരുടെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും പെരുന്നാളിന്റെ സന്തോഷം പോയേനെ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉപ്പയോടൊത്തുള്ള അത്താഴം — Madhyamam | Boolokam | Boolokam