പാലക്കാട്: ചൂടിൽ വലഞ്ഞ് കേരളം. ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഫിസിക്കൽ ക്ലാസുകൾ നിർത്തി വെക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ/ ടെക്നിക്കൽ കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ നാളെ മുതൽ നിർത്തി വെക്കാനാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ കലക്ടർ ഉത്തരവിട്ടത്. നിലവിലെ താപനില 40.1°C ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവ കാരണമാണ് അറിയിപ്പ് നൽകിയത്. ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ്. താപനില 37°C- ലെക്ക് താഴെ രേഖപ്പെടുത്തിയാൽ ഉത്തരവ് പിൻവലിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദേശമുണ്ട്. ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ, പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈൻ ഉപാധികളിലൂടെ ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണമെന്നും കലക്ടർ വ്യക്തമാക്കി. കേരളത്തിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനില: പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ക്ലാസുകൾ നിർത്തി വെക്കാൻ ഉത്തരവിട്ട് കലക്ടർ
M
MadhyamamSource Link
21 days ago