കോയമ്പത്തൂർ: അവധിയാഘോഷിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് മലപ്പുറം വളാഞ്ചേരിക്കു സമീപം പാങ്ങ് പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് യാത്ര തിരിച്ചത്. ചാലക്കുടി-അതിരപ്പിള്ളി-മലക്കപ്പാറ വഴിയാണ് സംഘം വാല്‍പ്പാറയിലെത്തിയത്. വാല്‍പ്പാറയിലെ കാഴ്ചകള്‍ കണ്ടശേഷം മടങ്ങുന്നതിനിടെ വൈകീട്ട് അഞ്ചോടെയാണ് ഇവർ സഞ്ചരിച്ച മിനി വാൻ അപകടത്തിൽപെടുന്നത്. 13ാം വളവില്‍വെച്ച് നിയന്ത്രണം വീട്ട വാഹനം സുരക്ഷ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതാം വളവിലെ റോഡിലേക്ക് പതിക്കുകയായിരുന്നു. 600 അടി താഴ്ചയിലേക്ക് വീണ വാഹനം പൂര്‍ണമായി തകര്‍ന്നു. വാഹനത്തിന്‍റെ അവശിഷ്ടങ്ങൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്. വൻ ശബ്ദത്തോടെയാണ് ട്രാവലർ താഴേക്ക് പതിച്ചതെന്ന് അപകടത്തിന് ദൃക്സാക്ഷിയായ യുവാവ് പറഞ്ഞു. മിനി വാനിനു പിന്നിലെ വാഹനത്തിലായിരുന്നു ഈ യുവാവ്. അപകടം നടന്ന് 15 മിനിറ്റിനകം തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയതായി ഇദ്ദേഹം അറിയിച്ചു. ഡ്രൈവർക്ക് നിയന്ത്രണം വിട്ടതാകാമെന്നാണ് കരുതുന്നത്. ഒരു പക്ഷേ ബ്രേക്ക് തകരാറിലായതാകാം. വളവിലെ ഭിത്തി ഇടിച്ച് തകർത്താണ് വാഹനം താഴേക്ക് പതിച്ചത്. വണ്ടിയിലുണ്ടായിരുന്ന പലരും അപ്പോൾ തന്നെ മരിച്ചിരുന്നുവെന്നും യുവാവ് പറഞ്ഞു. ദൃക്സാക്ഷികൾ പകർത്തിയ ദൃശ്യങ്ങളിൽനിന്ന് അത് വ്യക്തമാണ്. തകർന്ന് ചിതറിക്കിടക്കുന്ന വാഹനത്തിനരികെ മൃതദേഹങ്ങൾ കാണാം. എട്ടുപേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. വിജനമായ വനപ്രദേശത്ത് ഉല്ലാസയാത്ര പോകുന്നവരാണ് അപകടം വിവരം ആദ്യം അറിയുന്നത്. ഇവരാണ് വിവരം മലക്കപ്പാറ പൊലീസിലും ഷോളയാര്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും അറിയിച്ചത്. നാട്ടുകാരുടെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഏഴ് സ്ത്രീകളും ഒരു അധ്യാപകനും മരിച്ചു. ആശുപത്രിയില്‍ എത്തിയ ശേഷമാണ് ഒരു കുട്ടി മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ മികച്ച ചികിത്സക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കടമ്പാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദിൻ (11), മസ്നീൻ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട മിനി വാനിനു പിന്നാലെയെത്തിയ സ്വിഫ്റ്റ് കാറിലുള്ളവരാണ് അപകടവിവരം പൊലീസിലും മറ്റും അറിയിക്കുന്നത്. പിന്നാലെ തന്നെ പത്തോളം ആംബുലൻസുകൾ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ നിന്ന് സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഡ്രൈവറടക്കം 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 40 ഹെയർപിൻ വളവുകളാണ് വാൽപ്പാറ ചുരത്തിലുള്ളത്. പൂർണമായി വനത്തിലൂടെയുള്ള പാതയിലെ ചുരത്തിൽ വ്യൂ പോയിന്റുകളടക്കമുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊള്ളാച്ചി പൊലീസ് അറിയിച്ചു. പൊള്ളാച്ചി, മലപ്പുറം എസ്.പിമാർ ഫോണിൽ സംസാരിച്ചു.

ഉല്ലാസ യാത്ര ദുരന്ത യാത്രയായി; വാഹനം പതിച്ചത് 600 അടി താഴ്ചയിലേക്ക്; പലകുറി കരണം മറിഞ്ഞു
M
MadhyamamSource Link
23 days ago