കാറ്റ്. ഒരു ഉറുമിപോലെ ചീറ്റി. തണുത്ത ആകാശം. നിലാവെളിച്ചം പാറിവീണ വയല്‍ വരമ്പിലൂടെ അയാള്‍ ഓടി. മുന്നില്‍ അവ്യക്തമായ ഒരു ചാട്ടുളിപോലെ അവള് ചീറിപ്പാഞ്ഞു. അയാള്‍ കിതപ്പാറ്റിക്കൊണ്ട് അവളെ വിളിച്ചു. “മോളെ കാര്‍ത്തികേ നില്ക്ക്, മോളെ... കാര്ത്തൂൂൂ...” അയാളുടെ വാക്കുകള്‍ അത്രമേല്‍ സ്നേഹാര്‍ദ്രമായിരുന്നു. ഇതിനുമുമ്പൊരിക്കലും അയാള്‍ അങ്ങനെ വിളിച്ചിരുന്നില്ല; ആരെയും. കരച്ചിലാണോ അപേക്ഷയാണോ സ്നേഹമാണോ വാക്കുകളില്‍ നിറഞ്ഞിരുന്നതെന്ന് അയാള്‍ക്കുപോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പാതിരാത്രി കഴിഞ്ഞിരിക്കണം. സമയംപോലും നിശ്ചയമില്ല. അല്ലെങ്കില്‍തന്നെ ഇങ്ങനെയൊരു സാഹചര്യത്തില്‍ ആരും സമയം നോക്കാറില്ലല്ലോ. ഓട്ടത്തിന്റെ ഒരിടവേളയില്‍ അയാള്‍ ചുറ്റും നോക്കി. വയല്‍ പിന്നിട്ട് ആ വഴി കാട്ടിലേക്ക് കയറിയിരുന്നു. നിലാവിന്റെ കാഴ്ചകള്‍ അപ്രത്യക്ഷമാകുന്നു. ഇരുട്ടിലേക്ക് വീണുപോകുന്ന നിശ്വാസം മാത്രം. അയാള്‍ ഒരിക്കല്‍ക്കൂടി അലറിവിളിച്ചു: “മോളേ...” ആ ശബ്ദം അകലെ കാട്ടില്‍ എവിടെയോ തട്ടി പ്രതിധ്വനിച്ചു. ഒരിക്കല്‍കൂടി അലറിവിളിക്കാനൊരുങ്ങും മുമ്പേ അയാള്‍ മരത്തിന്റെ വേരില്‍ തട്ടിവീണു. കരിയിലകളില്‍ വഴുതി അയാള്‍ കിതപ്പാറ്റി. ആ വീഴ്ചയില്‍നിന്ന് അയാള്‍ക്ക് പെട്ടെന്ന് എഴുന്നേല്ക്കാനായില്ല. വളരെ ശ്രമപ്പെട്ട് എഴുന്നേറ്റിരുന്നു. എന്നിട്ട് ചുറ്റും നോക്കി. തൊട്ടുമുന്നിലെ കാഴ്ചപോലും അവ്യക്തമാക്കുന്ന ഇരുട്ട്. കൊഴുത്ത ഇരുട്ടിന് ഒരു മണവും പേടിപ്പെടുത്തുന്ന ഒരു ശബ്ദവും. ഏതൊക്കെയോ ഇലകളുടെ മണം. നാട്ടുമാവിന്റെ മണം. വീട്ടിലെ അടുക്കളയില്‍നിന്ന് കുട്ടിക്കാലത്തു തന്നെ തേടിവന്ന അമ്മ മണം. വിശന്ന് ഒലിച്ചുപോയ ബാല്യത്തിന്റെ മണം. തെയ്യത്തിന്റെ മഞ്ഞള്‍ക്കുറിയുടെ ഗന്ധം. എല്ലാ ഗന്ധങ്ങളും ഒരുമിച്ച് തന്നിലേക്ക് വന്നുനിറയുന്നതായി അയാള്‍ക്കു തോന്നി. ഏതൊക്കെയോ ജീവികളുടെ ശബ്ദം. കുട്ടിക്കാലത്ത് കേട്ട ചീവിടുകളുടെ ശബ്ദം മാത്രം അയാള്‍ക്കു തിരിച്ചറിയാനായി. മറ്റെന്തൊക്കെയോ ഒച്ചകള്‍ അയാളിലേക്ക് ഭയത്തിന്റെ വേരുകളാഴ്ത്തി. എഴുന്നേറ്റു നില്ക്കാന് പേടിതോന്നി. തണുപ്പ് പതിയെ അയാളുടെ ശ്വാസത്തിലേക്ക് കയറി. അപ്പോള്‍ കാട്ടിലെ ഒട്ടനേകം ശബ്ദങ്ങളേക്കാള്‍ വേഗത്തില്‍ തന്റെ ശരീരത്തിലൂടെ രക്തം ഓടുന്നത് അയാള്‍ക്കു തിരിച്ചറിയാനാവുമായിരുന്നു. ഹൃദയത്തിന്റെ മിടിപ്പ് വലിയൊരു പെരുമ്പറപോലെ അയാളെ വലയം ചെയ്തു. പതിയെ എഴുന്നേറ്റ് തൊട്ടടുത്ത മരത്തില്‍ പിടിച്ച് നിവര്‍ന്നിരുന്നു. പിന്നെ കണ്ണുമിഴിച്ച് ഇരുട്ടിലേക്കുനോക്കി. എഴുന്നേറ്റു. “മോളെ...” അയാളുടെ ശബ്ദം പുറത്തേക്ക് വന്നില്ല. ഏറെനേരം അയാളാ നില്പു തുടര്‍ന്നു. എഴുന്നേറ്റ് ഓടുമ്പോള്‍, ഉടുമുണ്ട് മാത്രമേയുണ്ടായിരുന്നുള്ളൂ. ഫോണോ ഒരു ടോര്‍ച്ചോ എടുക്കാന്‍ കഴിഞ്ഞില്ല. “ജയകൃഷ്ണന് മാഷേ, കാര്‍ത്തിക ക്ലാസില്‍നിന്ന് പുറത്തേക്കു ചാടി... അവളതാ ഓടുന്നു...” കിതച്ചും ശബ്ദമിടറിയും ജാനകി ടീച്ചര്‍ പറഞ്ഞപ്പോ ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന അയാള്‍ ഞെട്ടി ഉണര്‍ന്നു. പിന്നെ എഴുന്നേറ്റ് കാര്‍ത്തിക ഓടിയ, സ്കൂളിനു മുന്നിലെ വയലിലേക്ക് ഓടുകയായിരുന്നു. കണ്ണങ്ങാട്ടു ഭഗവതിയായിരുന്നു ജാനകി ടീച്ചര്‍. പഴശ്ശിതമ്പുരാന്റെ കളരി ഭഗവതി. “മാഷേ നിങ്ങള്‍ പോണ്ട. അവള് നാളെ വരും. അല്ലെങ്കില്‍ മറ്റന്നാള്‍. നമ്മള് ആരോടും പറയാണ്ടിരുന്നാ മതി. ഇന്ന് അവിടെ കാട്ടിലെ കാവില്‍ ഉത്സവാ. അവള് നാഗമായി ഇഴയുമെന്നാ കൂട്ടുകാര്‍ പറയണേ. മാഷേ നിങ്ങള്‍ പോണ്ട മാഷേ... പോണ്ട.” പാതിരാത്രി കഴിഞ്ഞു കാണണം. “മാഷേ...” കര്ക്കടത്തില് പച്ചവിരിച്ച പാടം. അകലെ കാട്. മഴ പെയ്തുതുടങ്ങിയാല്‍ പിന്നെ കാടും പച്ചപ്പില്‍ നിറയും. മേഘങ്ങളാകെ നിറയുന്ന ആകാശത്തിനു കീഴെ പച്ചയില്‍ കുളിച്ച് കാടും പാടവും അയാളത് നോക്കി നില്ക്കാറുണ്ടായിരുന്നു. “കവിത എഴുതാന്‍ തോന്നണുണ്ടോ മാഷേ...” “ഏയ്...” ഒരു മണിയാകാറായപ്പോഴാണ് കിടന്നത്. ഒന്നു മയങ്ങിയപ്പോഴാണ് ടീച്ചര്‍ ഓടിക്കിതച്ചെത്തിയത്. പത്താം ക്ലാസിലെ കുട്ടികള്‍ക്കായി സ്കൂളില്‍ സഹവാസ ക്യാമ്പ് തുടങ്ങിയതിന്റെ രണ്ടാം ദിവസമായിരുന്നു അത്. പതിനാറ് പെണ്‍ക്കുട്ടികളും ഇരുപത് ആണ്ക്കുട്ടികളുമാണ് ക്യാമ്പിലുണ്ടായിരുന്നത്. എല്ലാവര്‍ഷവും വയനാട്ടിലെ ഈ സ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷാകാലത്ത് റെസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തും. ഗോത്രവർഗ വിദ്യാർഥികള്‍ക്കുള്ള ക്യാമ്പിന്റെ കണ്‍വീനറായിരുന്നു ജയകൃഷ്ണന് മാഷ്. ഏതാനും വര്‍ഷം മുമ്പാണ് കാസർകോട് ഉപ്പളക്കാരനായ ജയകൃഷ്ണന് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച് ജോലിക്കെത്തിയത്. അമ്മ ജയകൃഷ്ണനോടു പറയാറുണ്ടായിരുന്നു. “എന്തിന് നീ വയനാട്ടിലേക്ക് പോന്നെ. മോനെ നിന്ക് ഈടെ ഏടെങ്കു പോയെങ്ക് പോരെ…. വയാനാട് ചെല്ല്യെങ്ക് ഒരു കാട്ടിന്റെ ഉള്ള്… ഇപ്പിളും പോല്‍ ആനയും പുലിയും എല്ലോ എർങ്ങിന്നെ സ്ഥാലോ അത്.” തെയ്യങ്ങളുടെ തമ്പുരാന് കരിവെള്ളൂര്‍ മണക്കാടന് ഗുരുക്കളെ ഓര്‍ത്തു. കുടുംബത്തിലെ ഏതോ അപ്പൂപ്പന്റെ ഗുരു. പാരമ്പര്യമായി അച്ഛനും അങ്ങനെയാണ് തെയ്യം പഠിച്ചത്. തന്റെ ഘട്ടമെത്തിയപ്പോള്‍ പഠിക്കാന്‍ അമ്മയും അച്ഛനും നിര്‍ബന്ധിച്ചു. പേടിയായിരുന്നു. പിന്നെ പിന്നെ അൽപം സ്നേഹം തോന്നി തുടങ്ങിയെങ്കിലും അത് തൊഴിലായി സ്വീകരിക്കാന്‍ മനസ്സു വന്നില്ല. എന്നാലും എന്തൊക്കെയോ പഠിച്ചു. ഗുരുക്കളെപ്പോലെ മാന്ത്രികനാവാന്‍ ആഗ്രഹമായിരുന്നു. കോലത്തിരി രാജാവിന്റെ തന്ത്രങ്ങളില്‍ പെട്ട ഗുരുക്കള്‍ കുടയിലേറി പുഴകടന്നതും മുറുക്കാന്‍, കവുങ്ങുവളച്ചു അടക്ക പറിച്ചതുമെല്ലാം അത്ഭുതത്തോടെ അച്ഛനില്‍ നിന്നു കേട്ടു നിന്നു. അന്ന് അതൊക്കെ പഠിച്ചിരുന്നെങ്കില്‍ ഈ കൂരിരുട്ടില്‍നിന്ന് രക്ഷപ്പെടാമെന്ന് അയാള്‍ ചിന്തിച്ചു. തുലാം പത്തു മുതല്‍ ഇടവപ്പാതി വരെ ദൈവമായി മാറിയ ആളായിരുന്നു താനെന്ന് അയാളോര്‍ത്തു. ഒരിക്കല്‍ മാത്രം. പിന്നീട് എന്തൊ സാധിച്ചില്ല. അരിച്ചാന്തും മഞ്ഞളും കരിയും മുഖത്തെഴുതി, ചുവന്ന ഉടയാട ചുറ്റി, മുടികെട്ടി, കിലുങ്ങുന്ന പാദങ്ങളുമായി കാവുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ദൈവം. ഉരിയാട്ടുകേള്പ്പിക്കുമ്പോള് വിശ്വാസികള്‍ അവരുടെ വേദനകളും വിഷമങ്ങളും പതിയെ തെയ്യത്തിന്റെ ചെവിയില്‍ സ്വകാര്യം പറയും. അമ്മയും വന്നു പറഞ്ഞു. “അന്റെ ജയകൃഷ്ണന് നല്ലൊരു പണി കിട്ടണേ, ഓന് നല്ലൊരു പെണ്ണ് കിട്ടണേ.” ഇതായിരുന്നു അമ്മയുടെ ആവശ്യങ്ങള്‍. “നിങ്ങളെ മോന് ബെല്ല്യ ആളാവും” എന്നോ മറ്റോ തെയ്യം പറഞ്ഞിരുന്നു. പക്ഷേ, മനസ്സില്‍ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരന്കാവിലെ പടവീരന്‍ കെട്ടാനായിരുന്നു താൽപര്യം. മരണത്തിനുശേഷം ദൈവമായി മാറിയ തെയ്യമാണ് പടവീരന്‍ തെയ്യം. എന്താണ് ആ തെയ്യത്തോടു സ്നേഹമെന്നറിയില്ല. ഗുരുവിനെ ആക്രമിച്ച തെയ്യം. എല്ലാ തെയ്യങ്ങളോടും സ്നേഹമായിരുന്നുവെങ്കിലും ഉള്ളിലെ പേടി ചിലപ്പോഴോക്കെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതാണ് അമ്മയുടെ ആഗ്രഹംപോലെ ജോലിനേടാന്‍ കഴിഞ്ഞത്. അമ്മക്ക് തെയ്യങ്ങളെ ഉപേക്ഷിക്കുന്നതില്‍ പേടിയുണ്ടായിരുന്നു. “തെയ്യങ്ങളെ ചൊട്പിച്ചർന്റാ. ചൊട്പ്പിച്ചെങ്കില്... എട്ക്കെങ്കിലു നീ തെയ്യം കെട്ണൊ അവേ...” വയനാട്ടിലേക്കുള്ള യാത്രക്കിറങ്ങിയപ്പോള്‍ അമ്മ കണ്ണു തുടച്ചു. “അന്റെ തെയ്വങ്ങളെ... ങ് ങ്.” പത്തു വര്‍ഷം. എല്ലാ വര്‍ഷവും കര്‍ക്കടത്തിന് നാട്ടിലെത്തും. പെരുമഴക്കാലത്ത് തെയ്യം കെട്ടാന്‍. ചമയങ്ങളില്‍ മഴ ചാറല്‍ പതിയുമ്പോള്‍ ഞരമ്പുകള്‍ വലിഞ്ഞുമുറുകും. “അട്ത്തെ ചിങ്ങത്തില് നിന്റെ മംഗലൊ നട്ത്തണൊ...ഉം” അമ്മ കണ്ണു തുടച്ചു. ഓർമകളിലേക്ക് ആനയുടെ ചിന്നംവിളി വീണു. അയാള്‍ ഞെട്ടി. ഇരുട്ടില്‍ മുന്നിലെവിടെയോ ആനയുടെ ചൂര്. അയാള്‍ ഇരുട്ടിനെ കീറിമുറിച്ച് പടവീരന്‍ തെയ്യമായി. കാട്ടിലൂടെ പറന്നു. ആവുന്നതും ശക്തിയില്‍ ശ്വാസം വലിച്ചു. പിന്നെ കുതിച്ചു. ഗൂരുകാരണവന്മാരെ ഓര്‍ത്തു. അയാള്‍ വിളിച്ചു. “മോളെ കാര്‍ത്തി...” അയാള്‍ തെയ്യം കെട്ടിയാടുമ്പോഴത്തെപോലെ ആവുന്നത്ര ഉച്ചത്തില്‍ അലറി. ദൈവങ്ങളുടെ ശബ്ദത്തില്‍... പ്രഭാതം അകലെയെവിടെയോ ആണെന്ന് അയാള്‍ക്ക് തോന്നി. വീണ്ടും ഒരിക്കല്‍ അയാള്‍ വിളിച്ചു. ഇനിയൊരിക്കലും തനിക്കു വിളിക്കാനാവില്ലെന്ന തോന്നല്‍ അയാളെ പൊതിഞ്ഞു. ശബ്ദം അത്രമേല്‍ തണുത്തുപോയിരുന്നു. തൊണ്ടക്കുഴലുകള് വല്ലാതെ പൊട്ടിപ്പോയെന്നുതോന്നി. തെയ്യത്തിന്റെ തൊണ്ടയില്‍നിന്നും വരുന്ന ആ ഉറച്ചശബ്ദം ഒരു ഇലപോലെ ഇരുട്ടിലേക്കു പാറിപ്പോയി. പടവീരനാകാന് തനിക്കു കഴിയുന്നില്ലല്ലോ. ഗുരുവിനെപ്പോലെ അത്ഭുതങ്ങളൊന്നും കാണിക്കാനും ആവില്ല. കുട്ടികളുടെ മനസ്സിലാണ് താന്‍ അത്ഭുതം കാണിച്ചിരുന്നതെന്ന് അയാള്‍ ഓര്‍ത്തു. വേവലാതിയുടെ ഒരു പാഠപുസ്തകമായിരുന്നു ജീവിതം. തെയ്യക്കോലങ്ങളുടെ ചുവപ്പ് പടര്‍ന്ന മുഖം. “വയനാട്ടിലെ കുട്ടികള്‍ പാവങ്ങളാണ് മാഷേ.” ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ അന്നത്തെ എച്ച്.എം കാര്ത്തികേയന് മാഷ് പറഞ്ഞു. മാഷ് കണ്ണൂരാണ്. നല്ല മനുഷ്യന്. “വയനാട് നിങ്ങള്‍ക്കൊരു പാഠപുസ്തകായിരിക്കും. പഠിക്കാന്‍ ഒരുപാടുണ്ട്. ” കാര്ത്തികേയകന് മാഷ് പിന്നീട് എന്തൊക്കെയോ പറഞ്ഞു. പലതും ഓർമയില്‍നിന്നും അടര്‍ന്നുപോയി. വീണ്ടും ഇപ്പോഴാണ് അതൊക്കെ ഓര്‍മിക്കുന്നത്. ആ വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പ് കഴിഞ്ഞാല്‍ കാര്ത്തികേയന് മാഷ് വിരമിക്കും. ക്യാമ്പിലേക്ക് കുട്ടികളെ എത്തിക്കുന്നതിനെക്കുറിച്ച് മാഷ് പറഞ്ഞു. കുട്ടികള്‍ നമ്മളെ കണ്ടാല്‍ ഓടി കാടുകയറും. വണ്ടിയുടെ ഇരമ്പല്‍, മുഷിയാത്ത വസ്ത്രം ധരിച്ച് ചിരിക്കുന്ന മനുഷ്യര്‍... ഒക്കെ അവര്‍ക്ക് പേടിയാണ്. “സ്നേഹിച്ചാലും സ്നേഹിച്ചാലും നിങ്ങക്ക് മതിയാവൂല മാഷേ, സ്നേഹം അൽപം കുറഞ്ഞാല്‍ കുട്ടികള്‍ ക്യാമ്പില്‍നിന്നും ഓടിപ്പോകും. പിന്നെ അവരെ കിട്ടാന്‍ പാടാണ്. കണ്ണില്‍ എണ്ണ ഒഴിച്ചിരിക്കണം എന്നൊക്കെ പറയാറില്ലേ. അത് വേണം. പത്താം ക്ലാസാണ്. കുട്ടികള്‍ക്ക് ചിലപ്പോ അതൊന്നും ഒാര്മയുണ്ടാവില്ല. വള്ളിയൂര്‍ക്കാവ് ഉത്സവം വര്വാണ്. വള്ളിയൂര്‍ക്കാവ് ഉത്സവംന്ന് വച്ചാ. അങ്ങനെയാ. കൊടിയേറിയാ പിന്നെ അവസാനിക്കുന്നതുവരെ മനസ്സ് അവടെയാ. കബനിയുടെ കയറ്റിറക്കങ്ങളിലൂടെ ഒഴുകിപോകുന്നതല്ല അത്. അതൊരു ശ്വാസമാണ്. രക്തത്തിലാണ് അത് അലിഞ്ഞുചേര്‍ന്നിരിക്കുന്നത്. കുട്ടികള്‍ക്ക് ക്യാമ്പിനെക്കാള്‍ വലുതാ അത്. നമ്മള് ശരിക്കും ദ്രോഹിക്കല്ലേ മാഷേ?” കാര്ത്തികേയന് മാഷ് പറഞ്ഞു നിര്‍ത്തി. അടുത്തേക്ക് വന്ന് ചെവിയില്‍ പറഞ്ഞു. “മാഷേ നിങ്ങള്‍ നോക്കിക്കോ ഈ വര്‍ഷം ഞാനിവരെ ഉത്സവത്തിനു കൊണ്ടുപോകും. രാത്രി ഇബ്ട്ന്ന് പോകാം. നേരം പുലരുന്നതിനു മുമ്പേ തിരിച്ചുവരാം. ആരുമറിയാതെ. നിങ്ങള്‍ കൂടെ നിക്കോ മാഷേ.” പ്രായത്തിന്റെ അവിവേകം കൊണ്ടോ എന്തോ. തനിക്കാ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലായിരുന്നില്ല. കൂടെ നിക്കാം എന്നാണോ പറഞ്ഞിട്ടുണ്ടാവുക. ഇപ്പോഴും ഓർമയില്ല. പക്ഷേ, കാര്ത്തികേയന് മാഷിന് കുട്ടികളെ ഉത്സവത്തിന് കൊണ്ടുപോകാന്‍ സാധിച്ചില്ല. അതിനു മുമ്പ് മാഷ് പോയി. പേര്യ ചുരം വഴി ആംബുലന്‍സ് കരഞ്ഞുകൊണ്ടു ഇറങ്ങിപ്പോകുമ്പോള്‍ ഞങ്ങളും മാഷിനെ അനുഗമിച്ചു. ഏതു തെയ്യമായിരുന്നു കാര്ത്തികേയന് മാഷ്. കതിവന്നൂര്‍ വീരന്...തോറ്റുപോയ മനുഷ്യന്റെ കഥ. കതിവന്നൂര്‍ വീരന്തന്നെയായിരുന്നു മാഷ്. കുട്ടികളെ ഉത്സവം കാണിക്കാന്‍ കഴിയാതെ, തോറ്റുപോയ തെയ്യം. പരിചയപ്പെടുന്നവരെയൊക്കെ ഒാരോ തെയ്യത്തിന്റെ രൂപത്തില്‍ കാണുക തന്റെ സ്വഭാവമാണെന്ന് അയാളോര്‍ത്തു. മടയിൽ ചാമുണ്ഡിയായി സബിത ടീച്ചര്‍, കുട്ടികളെയും സഹപ്രവര്‍ത്തകരെയും നിഗ്രഹിക്കുന്ന ചാമുണ്ഡി. അസുരനിഗ്രഹം ചെയ്ത കാളിയാണ് മടയിൽ ചാമുണ്ഡി. എന്തിനും ഏതിനും ആര്‍ക്കും എപ്പോഴും ഓടിയെത്തുന്ന മുത്തപ്പന് തെയ്യമായി അരവിന്ദന് മാഷ്. ഉമ്മച്ചിത്തെയ്യമായി നബീസ ടീച്ചര്‍. ചുറ്റിലുള്ളവരൊക്കെ ഓരോ തെയ്യങ്ങളായി അയാളോടൊപ്പം ചേരുന്നു. ക്ലാസിലെ കുട്ടികളെ പോലും അയാള്‍ അങ്ങനെ കണ്ടിരുന്നു. മുന്നിലിരിക്കുന്ന കുട്ടിത്തെയ്യങ്ങള്‍. മുഖത്തെഴുത്തും മെയ്യെഴുത്തുമില്ലാത്ത തെയ്യങ്ങള്‍. തെയ്യങ്ങളില്‍ ജീവിക്കുന്ന മാഷ്. കണ്ടനാര്‍ കേളന് എന്നാണ് കുട്ടികളൊക്കെ തന്നെ വിളിച്ചിരുന്നത്. ഉത്തര കേരളവും വയനാടും തമ്മില്‍ ബന്ധമുള്ള തെയ്യമായിരുന്നു കണ്ടനാര്‍ കേളന്. ഓരോ ഓര്‍മകളിലും തെയ്യക്കോലങ്ങള്‍ നിറഞ്ഞു. അപ്പോഴും ഇരുട്ടിന് കട്ടികൂടി വന്നു. തെയ്യം കെട്ടാറുള്ള പുലര്ക്കാലങ്ങളിലേക്കുള്ള യാത്രയിലാണ് താനെന്ന് അയാള്‍ കണ്ടു. ഓര്‍മകളുടെ പുതപ്പു മാറ്റി. വേഗത്തില്‍ ഈ കാട്ടിലൂടെ ഓടാന്‍ ആഗ്രഹിച്ചുവെങ്കിലും ഓടിയോടി തളര്‍ന്ന അയാളുടെ കാലുകള്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. തൊണ്ട വരണ്ടുപോയിരുന്നു. കര്ക്കടപ്പെയ്ത്തു സ്വപ്നമാക്കിയ വേനല്‍ക്കാലത്തെ മണ്ണുപോലെ. തൊണ്ടക്കുഴികളില്‍ ചൂടു നിറഞ്ഞു. തന്റെ മുന്നിലൂടെ, കാട്ടുവഴികളിലൂടെ ഓടിപ്പോയ ആ പെണ്‍കുട്ടി കാട്ടുമടന്ത തെയ്യമാണെന്ന് അയാള്‍ സങ്കൽപിച്ചു. വനദേവത... ഇനിയും ഓടേണ്ടിവരുമോ. ആനയുടെ ചൂര് അയാളിലേക്കുള്ള ദൂരം അളന്നുകൊണ്ടിരുന്നു. കാട്ടുചില്ലകള് ഞെരിഞ്ഞമരുന്നതിന്റെ ശബ്ദം. ഇലകളില്‍ കോട പെയ്തിറങ്ങുന്നു. ആകാശമരങ്ങളില് ഉറക്കം തൂങ്ങിയ ഏതൊക്കെയോ പക്ഷികള്‍ കൂട്ടത്തോടെ ചിറകടിച്ച് ഇരുട്ടിലേക്ക് പറന്നു. അയാളില്‍നിന്ന് ആദ്യമായി ഭയത്തിന്റെ ഒരുപക്ഷി ആകാശത്തിലേക്കു പറന്നു. വഴികാണാനാകാതെ അയാള്‍ ഇരുട്ടില്‍ ഒരു പാറപോലെ നിശ്ചലനായി. തിരിച്ചു നടക്കാന്‍ ഇനി ഏറെയുണ്ടെന്ന് അയാളോര്‍ത്തു. ഇനി അഥവാ അവള് നാളെ വന്നില്ലെങ്കില്‍, പരീക്ഷ എഴുതിയില്ലെങ്കില്‍... അയാളൊരു തെയ്യമായി മാറിക്കൊണ്ടിരുന്നു. ചടുലമായ നൃത്തച്ചുവടുകളുമായി അഭയം തേടിയെത്തുന്നവര്‍ക്ക് ആശ്വാസം പകരുന്ന തെയ്യം. ആദ്യമായി കാടിന്റെ വന്യതയില്‍നിന്ന് കരുണയുടെ ഒരിറ്റ് വെളിച്ചം വലിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അകലെയെവിടെയോ കാവില്‍ അവള് നാഗമായി ഇഴയുന്നുണ്ടാവണം. മുടിയഴിച്ച്, കണ്ണുകളില്‍ രോഷത്തിന്റെയോ സ്നേഹത്തിന്റെയോ ചോരകക്കി അവള്. നേരിട്ടു കണ്ടാല്‍ കാലില്‍ വീഴണം. എന്നിട്ട് ചോദിക്കണം. “മോളെ. എന്തിനാ നീ ഓടിയത്. നിനക്ക് പരീക്ഷ എഴുതണ്ടേ, പത്താം ക്ലാസ് ജയിച്ച് വല്യ ആളാവണ്ടെ...” അല്ലെങ്കില്‍ എന്തു ചോദിക്കാന്‍. ഒന്നും ചോദിക്കില്ല. വെറുതെ ഒന്നു ചിരിക്കും. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ... അല്ലെങ്കില്‍തന്നെ എത്രമാത്രം സംയമനം പാലിക്കേണ്ടിവരും. നിര്വികാരമായിരിക്കാന്... നാളെ പുലര്‍ച്ചെ കാടിനു പുറത്ത് മനുഷ്യരുടെ ലോകത്ത് പരക്കുന്ന വാര്‍ത്ത അയാളോര്‍ത്തു. ഒരു പകര്‍ച്ച വ്യാധിപോലെ പരക്കുന്ന വാര്‍ത്തകള്‍. ഓണ്‍ലൈന്‍ ചാനലിന്റെ വാര്‍ത്ത തുടങ്ങുന്നത് ഇപ്രകാരമായിരിക്കണം. ഗ്രാമത്തിലെ സ്കൂളിലെ എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറെടുക്കുന്ന ഗോത്രവർഗ വിദ്യാർഥികള്‍ക്കുള്ള ക്യാമ്പില്‍നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായി. കൂടെ അധ്യാപകനെയും... പിന്നെ എന്തൊക്കെയായിരിക്കും. അയാളോര്‍ത്തു. മനുഷ്യരല്ലെ. തെയ്യങ്ങളല്ലല്ലോ. മൃഗങ്ങളുമല്ലല്ലോ. അപ്പോള്‍ ചിന്തകള്‍ക്കതീതമായി വാര്‍ത്ത വരാം. “മകളെ മാപ്പ്...” അയാള്‍ ആരോടെന്നില്ലാതെ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു മണ്ണിലേക്കുവീണു. കരിയിലകളില്‍ അമര്‍ന്നു. കാടിനുമേല്‍, മേഘപാളികളില്‍ മിന്നല്‍ പാഞ്ഞു. മഴ. ഇരുട്ടിലേക്കു പെയ്യുന്ന കറുത്ത മഴ. “ആനകള്‍ മഴപെയ്യുമ്പോള്‍ എന്തുചെയ്യും...” കുട്ടിക്കാലത്ത് മനസ്സില്‍ നിറയുന്ന ചോദ്യമായിരുന്നു അത്. ഒരിക്കലും ഉത്തരമില്ലാത്തത്. കാടു കടന്ന് കാവിലേക്കു പോകാന്‍ എത്രദൂരം താണ്ടണം. കാടിനു പുറത്തെ മനുഷ്യരെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് തിരികെ പോകാന്‍ തോന്നിയതേയില്ല. തെയ്യാട്ടങ്ങളുടെ കാലം എത്ര ചെറുതാണെന്ന് അയാളോര്‍ത്തു. തെയ്യത്തിന്റെ ആട്ടം കഴിഞ്ഞു. ഇനി കരിയടിക്കലാണ്. അവസാനം കാവിലെ സ്ഥാനികരെ വിളിച്ചു. പിരിയുകയാണ്. കരിയടിക്കല്‍-വികാരനിര്‍ഭരമായ ആ ചടങ്ങ് എന്തിനാണ് ഇപ്പോൾ ഓര്‍മിച്ചത്. അയാള്‍ ഇരുട്ടിലേക്ക് ഒന്നുകൂടി ഒട്ടിച്ചേര്‍ന്നു. കര്‍മിയോടും കോമരത്തോടും ഭക്തജനങ്ങളോടും ചോദിച്ചു. “ആത്മം കൊടുക്കട്ടെ?” മുടിയെടുക്കല്‍* നടത്തി. അമ്മ വയറ്റത്ത് ഒട്ടിക്കിടന്ന് കരിമ്പടം പുതക്കുന്ന കുട്ടിയെപ്പോലെ. അപ്പോള്‍ ചിന്നംവിളി തൊട്ടടുത്തുനിന്നും മുഴങ്ങി. ഒന്നല്ല, കുറെ കരിവീരന്മാര് ഇരുട്ടിനൊപ്പം ചേര്‍ന്ന് അയാളിലേക്ക് എത്തി. അപ്പോള്‍ കാടിനുപുറത്ത് കാവില്‍ ഒരു പെണ്‍തെയ്യത്തിന്റെ ചുവടുകള്‍ വിരിയുമ്പോള്‍, കാടിന്റെ ഇരുട്ടില്‍ ആനച്ചൂരില്‍ പടവീടന്‍ തെയ്യം പിടഞ്ഞു. ================ * തെയ്യം സമാപിക്കുന്ന ചടങ്ങിന് മുടിയെടുക്കല്‍ എന്നാണ് പറയുക. അതിനുമുമ്പ് ആത്മംകൊടുക്കും. കോലക്കാരനിലെ ദേവതാചൈതന്യം ദേവതാസ്ഥാനത്തേക്കു സമര്‍പ്പിക്കുന്നതാണ് അത്.

