കുന്ദമംഗലം : കളരിക്കണ്ടയിൽ ഉത്സവപ്പറമ്പിൽ നിന്ന് മടങ്ങിയ എറോചുടക്കൽ ബാബു മരിച്ച സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ. കുന്ദമംഗലം സ്വദേശി അരുണോളിച്ചാലിൽ കെ. ഷിബിത്ത് എന്ന ഇട്ടൂപ്പൻ (36) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. പ്രതിയെ മാനന്തവാടിയിൽ നിന്ന് കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു മുക്കം, വിജേഷ് പുല്ലാളൂർ, ഗോകുൽ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള പ്രതിക്ക് കോഴിക്കോട്, വയനാട്, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി അടിപിടി കേസുകളും പിടിച്ചുപറി കേസുകളും ചീറ്റിങ് കേസുകളും നിലവിലുണ്ട് എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. മരണപ്പെട്ട ബാബുവും സഹോദരി ഭർത്താവും തമ്മിൽ വ്യക്തി വൈരാഗ്യവും കുടുംബ പ്രശ്നങ്ങളും നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്ര ഉത്സവം നടക്കുന്ന ദിവസം ശനിയാഴ്ച പുലർച്ചയോടെ ഒന്നാം പ്രതി ശശീന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാം പ്രതി ഷിബിത്ത് മരണപ്പെട്ട ബാബുവിനെ ശക്തിയായി മുഖത്തടിക്കുകയും കഴുത്തിനു പിടിച്ച് തള്ളുകയും ചെയ്തപ്പോൾ തലയടിച്ച് പിന്നോട്ട് വീണ് പരിക്കേറ്റിരുന്നു. ഇത് കാര്യമാക്കാതെ ബാബു വീട്ടിലേക്ക് പോകുകയും അവശനിലയിൽ ആയ ബാബുവിനെ വീട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഉടൻ മരണപ്പെടുകയുമായിരുന്നു.

ഉത്സവപ്പറമ്പിൽ നിന്ന് മടങ്ങിയ യുവാവിന്റെ മരണം; രണ്ടാം പ്രതിയും പിടിയിൽ
M
MadhyamamSource Link
20 days ago