ന്യൂഡല്‍ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ് കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചയിലും എം.പിമാർക്ക് മത്സരിക്കാൻ അവസരം ലഭിക്കാത്തതിലും കേരള നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തുവന്ന എം.കെ. രാഘവൻ എം.പിയെ തള്ളി കെ. സുധാകരൻ എം.പി. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തെറ്റില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ രീതി ഇതുതന്നെയാണെന്ന് പറഞ്ഞ സുധാകരൻ, ചര്‍ച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും ചോദിച്ചു. 'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും ചര്‍ച്ച നടത്താം. അതില്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചര്‍ച്ച ഗുണകരമല്ലെന്ന എം.കെ. രാഘവന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട് പ്രതികരിക്കാനില്ല. ഫലം വരുന്നതിന് മുമ്പുള്ള ചര്‍ച്ചകള്‍ ദോഷം ചെയ്യില്ല. എം.പിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാതിരിക്കാന്‍ ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദം ഉണ്ടായിട്ടില്ല. എം.പിമാര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എം.പിമാരെ മത്സരിപ്പിക്കാതിരിക്കാന്‍ ഇടപെടല്‍ നടത്തിയതായി എനിക്കറിയില്ല. എം.കെ. രാഘവന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുഖ്യമന്ത്രി പദവിയില്‍ തീരുമാനമാകുന്നതു വരെ ചര്‍ച്ച നടക്കും. കോണ്‍ഗ്രസിന്റെ രീതി ഇതുതന്നെയാണ്. അത് പുതുമയുള്ള കാര്യമല്ല' -സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ച അനവസരത്തിലാണ് എന്നും ഫലപ്രഖ്യാപനത്തിന് മുമ്പ് ചർച്ച തെരുവിലേക്ക് വലിച്ചിഴക്കുന്നത് കോൺഗ്രസിനും യു.ഡി.എഫിനും ഗുണകരമല്ലെന്നും എം.കെ. രാഘവൻ പറഞ്ഞിരുന്നു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കുരുതെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ലെന്നും അത് ചിലരുടെ പിടിവാശിയാണെന്നും എം.കെ. രാഘവൻ പറഞ്ഞിരുന്നു. അത് ഹൈക്കമാൻഡിന്‍റെ തലയിൽ ഇടേണ്ടതില്ലെന്നും രാഘവൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ വന്ന് വാശിപിടിച്ചതുകൊണ്ടാണ് പിന്നീട് ഹൈക്കമാൻഡ് അത്തരത്തിലൊരു തീരുമാനമെടുത്തതെന്നായിരുന്നു രാഘവന്റെ പ്രതികരണം. തൊട്ടുപിന്നാലെ, ചര്‍ച്ചയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും രംഗത്തെത്തി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉചിതമായ രീതിയിലല്ലെന്നും യു.ഡി.എഫ് പ്രവർത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടിൽ നിന്ന് കോൺഗ്രസ് നേതാക്കൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എം.കെ രാഘവനെ തള്ളി കെ. സുധാകരൻ; 'മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തെറ്റില്ല, കോണ്‍ഗ്രസിന്റെ രീതി ഇതുതന്നെ'
M
MadhyamamSource Link
23 days ago