BoolokamBoolokam
എക്സിറ്റ് പോളുകൾ ചവറ്റുകൊട്ടയിൽ; ജനഹിതമളക്കുന്നതിൽ സമ്പൂർണ പരാജയം

എക്സിറ്റ് പോളുകൾ ചവറ്റുകൊട്ടയിൽ; ജനഹിതമളക്കുന്നതിൽ സമ്പൂർണ പരാജയം

M
MadhyamamSource Link
എക്സിറ്റ് പോളിന്‍റെ ഫലങ്ങൾ വെറും ഊഹാപോഹങ്ങളായി വീണ്ടും കേരളത്തിലൊടുങ്ങി. ജനഹിതത്തെ മനസ്സിലാക്കാൻ അവർക്ക് കഴിയില്ലെന്ന് ഫലങ്ങൾ പുറത്തുവന്നപ്പോൾ തന്നെ രാഷ്ട്രീയ നിരീക്ഷകരും വ്യവസ്ഥാപിത മാധ്യമങ്ങളും വ്യക്തമാക്കിയിരുന്നു. ധൃതിപിടിച്ച് പുറത്തുവിടുന്ന കണക്കുകൾ, കൃത്യമായ വിശകലനത്തിന്റെ അഭാവം, വളരെ കുറഞ്ഞ സാമ്പിളുകൾ തുടങ്ങിയ കാരണങ്ങളാൽ അതിന്‍റെ വിശ്വാസ്യത നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ആ വിമർശനങ്ങളെ ശരിവെക്കുകയാണ് യഥാർഥ തെരഞ്ഞെടുപ്പ് ഫലം. വോട്ടർമാരുടെ ഹിതമറിയുന്നതിൽ എക്സിറ്റ് പോൾ ഒരിക്കൽക്കൂടി പരാജയമായി എന്ന് വ്യക്തമാക്കുന്നു യു.ഡി.എഫിന്റെ അനിഷേധ്യ തേരോട്ടം. ചെറിയ മേൽക്കൈ യു.ഡി.എഫിന് നൽകിയിരുന്നെങ്കിലും എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത് കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ല, അതുകൊണ്ടുതന്നെ മത്സരം അതിശക്തവും തുല്യവുമാണെന്നായിരുന്നു. ബഹുഭൂരിഭാഗം എക്സിറ്റ് പോളും കേരളത്തിൽ യു.ഡി.എഫിന് 90 സീറ്റിൽ അധികം നൽകാൻ തയാറായിരുന്നില്ല. ആക്സിസ് മൈ ഇന്ത്യയാണ് ഏറ്റവും അധികം ലഭിക്കുമെന്ന് പ്രവചിച്ചവർ. 78 മുതൽ 90 വരെ സീറ്റ് ലഭിച്ചേക്കുമെന്നായിരുന്നു അവരുടെ അനുമാനം. അതുപോലും ജനവികാരത്തിന്‍റെ അടുത്തൊന്നുമെത്തിയില്ല എന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. ചാണക്യ ആകട്ടെ തൂക്കുസഭയാണ് പ്രവചിച്ചത്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് 7 മുതൽ 11 സീറ്റുവരെ കിട്ടുമെന്നും പറഞ്ഞു. എൽ.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങളെപ്പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു അവരുടെ ഫലപ്രവചനം. ജയിക്കുന്ന പതിനൊന്ന് മണ്ഡലങ്ങളേതെന്ന് പറയാൻ ബി.ജെ.പി നേതാക്കൾക്കുപോലും കഴിയുന്നില്ലെന്ന് ട്രോളന്മാർ ട്രോളി രസിച്ചു. സംസ്ഥാനത്തെ ഭരണകൂടവിരുദ്ധ വികാരം അളക്കുന്നതിൽ എക്സിറ്റ് പോളുകളുടെ തോൽവി സമ്പൂർണമായിരുന്നു. കുടുംബശ്രീ, ക്ഷേമ പെൻഷൻ എന്നിവ വഴി സ്ത്രീ വോട്ടുകൾ എൽ.ഡി.എഫിനൊപ്പമാണെന്ന് (ഏകദേശം 55%) മിക്ക സർവേകളും ഉറപ്പിച്ചു പറഞ്ഞു. വോട്ടെടുപ്പിലെ 81.19% എന്ന ഉയർന്ന സ്ത്രീ പങ്കാളിത്തം കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ നിർണായകമായ ഒന്നാണ്. എന്നാൽ, ഇത്രയും വലിയ പങ്കാളിത്തം യഥാർഥത്തിൽ ഭരണമാറ്റത്തിനായുള്ള നിശബ്ദമായ തരംഗമായിരുന്നു എന്ന് വോട്ടെണ്ണൽ ഫലങ്ങൾ യു.ഡി.എഫിന്റെ വലിയ മുന്നേറ്റം തെളിയിക്കുന്നു. മത, ജാതി, ലിംഗ, പ്രായ, ദേശ വിഭിന്നതകൾക്കനുസരിച്ച് ആർക്ക് എങ്ങനെ വോട്ടു ചെയ്തുവെന്ന അനുമാനവും തെറ്റായിരുന്നുവെന്ന് ഈ ഫലം തെളിയിക്കുന്നുണ്ട്. ചാണക്യ സർവേ പ്രകാരം 2026 നിയമസഭയിൽ യു.ഡി.എഫിന് അനുകൂലമായി പോൾ ചെയ്യുന്ന ഈഴവ വോട്ട് 20% മാണ്. ആക്സിസ് മൈ ഇന്ത്യ പ്രകാരം 26 ശതമാനവും. ഈ രണ്ട് സർവേകളും ഈഴവ, നായർ വോട്ടുകൾ കഴിഞ്ഞ തവണയേക്കാൾ ബി.ജെ.പിക്ക് അനുകൂലമായിട്ടുണ്ട് എന്നാണ് അവരുടെ അനുമാനം. ഈഴവ, നായർ വോട്ടുകളിൽ യു.ഡി.എഫിന് വലിയ നഷ്ടമുണ്ടാകുന്നുവെന്നും അവർ പ്രവചിക്കുന്നു. എസ്.സി, എസ്.ടി വോട്ടുകൾ ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുകയും ന്യൂനപക്ഷങ്ങൾ ഇത്തവണ യു.ഡി.എഫിന് അനുകൂലമാകുമെന്നും സർവേ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ജാതി, മത, ലിംഗ വ്യത്യാസങ്ങളില്ലാതെ ഭരണവിരുദ്ധ വികാരത്താലും സാമൂഹിക പ്രതിബദ്ധതയുടെ പ്രഖ്യാപനത്താലും യു.ഡി.എഫിനെ ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. കണക്കുകൾ പിഴച്ചുവെങ്കിലും അവ വീണ്ടും കേരളത്തിന്‍റെ വോട്ടർമാരുടെ മാനറിസത്തിന്‍റെ തെളിവായി ഉദ്ധരിക്കപ്പെടാനുള്ള സാധ്യത അധികമാണ്. കേരളത്തെ കുറിച്ചും കേരളത്തിലെ വോട്ടിങ് പാറ്റേണിനെക്കുറിച്ചും തെറ്റായ ആഖ്യാനത്തിന് ഇത് ഇടവരുത്തും. കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ പ്രബുദ്ധതയും ഓരോ മണ്ഡലത്തിലെയും പ്രത്യേക സാഹചര്യങ്ങളും വിലയിരുത്താൻ കേവലം ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡലിന് സാധിക്കണമെന്നില്ല. അതുകൊണ്ടാണ് പലപ്പോഴും യഥാർത്ഥ ഫലം വരുമ്പോൾ എക്സിറ്റ് പോളുകൾ വെറും 'ഊഹാപോഹങ്ങൾ' മാത്രമായി മാറുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!