റിയാദ്: ‘എക്‌സ്‌പോ 2030 റിയാദി’നായുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി വിദേശകാര്യ സഹമന്ത്രിയും എക്‌സ്‌പോ കമീഷണർ ജനറലുമായ ആദിൽ അൽജുബൈർ അറിയിച്ചു. പാരീസിൽ നടന്ന ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻസിെൻറ (ബി.ഐ.ഇ) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സൗദി പ്രതിനിധി സംഘത്തെ നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദർശന നഗരിയുടെ മാസ്റ്റർ പ്ലാൻ, രൂപകൽപ്പന, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ കൈവരിച്ച നിർണായക പുരോഗതി അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിലും വിപണന മേഖലയിലും പ്രകടമായ മുന്നേറ്റമാണ് നിലവിലുള്ളത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യങ്ങൾ പ്രദർശനത്തിൽ പങ്കുചേരാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത് സൗദിയുടെ സംഘാടന മികവിലുള്ള അന്താരാഷ്ട്ര വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ വീക്ഷണത്തിനനുസൃതമായി, ലോകത്തിന് മുൻപിൽ സമാനതകളില്ലാത്ത ഒരു എക്‌സ്‌പോ പതിപ്പ് കാഴ്ചവെക്കാൻ സൗദി അറേബ്യ സജ്ജമാണ്. അന്താരാഷ്ട്ര സഹകരണത്തിെൻറ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാളിയായി രാജ്യം മാറിക്കഴിഞ്ഞുവെന്നും അൽജുബൈർ വ്യക്തമാക്കി. എക്‌സ്‌പോയുടെ പ്രധാന പ്രമേയങ്ങളിലും ഉപപ്രമേയങ്ങളിലും ഊന്നിയുള്ള പ്രവർത്തനങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യ വികസനവും ഒരേസമയം ദ്രുതഗതിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

എക്‌സ്‌പോ 2030 റിയാദ്; നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലെന്ന് ആദിൽ അൽജുബൈർ
M
MadhyamamSource Link
23 days ago