ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുകളുമായി ബന്ധപ്പെട്ട് കർണാടക ലോകായുക്ത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സംസ്ഥാനത്തുടനീളമുള്ള എട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലും ഒരേസമയം റെയ്ഡ് നടത്തി. കുടക്, ബിദാർ, മൈസൂരു എന്നിവയുൾപ്പെടെ വിവിധ ജില്ലകളിലും വകുപ്പുകളിലുമായി സേവനമനുഷ്ഠിക്കുന്നവരാണ് ഉദ്യോഗസ്ഥർ. കുടക് ജില്ലയിലെ ഹാരങ്കി ഡാം സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഐ.കെ പുട്ടസ്വാമിയും ഇതിൽ ഉൾപ്പെടുന്നു. ബിദറിൽ നന്ദിനഗറിലെ കർണാടക വെറ്ററിനറി, അനിമൽ ആൻഡ് ഫിഷറീസ് സയൻസസ് യൂനിവേഴ്‌സിറ്റിയിലെ (കെ.വി.എ.എഫ്.എസ്.യു) വിരമിച്ച ഫിനാൻസ് കൺട്രോളർ കെ.എൽ.സുരേഷിന്റെ വസതി, ബെല്ലാരി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ശിവണ്ണയുടെ വീടും ഓഫിസും റെയ്ഡിന് വിധേയമായി. മൈസൂരുവിൽ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ കിരൺ കുമാറുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പരിശോധിച്ചു. ചിത്രദുർഗയിൽ വിരമിച്ച അക്കൗണ്ട്സ് അസിസ്റ്റന്റ് സുശീലമ്മ, മംഗളൂരുവിൽ അസി. ഡ്രഗ് കൺട്രോളർ ബി.എൻ. ബാബു എന്നിവരുടെ വീടുകൾ റെയ്ഡ് ചെയ്തു. ശിവമോഗ്ഗയിൽ പിന്നാക്ക വിഭാഗ ക്ഷേമ ജില്ല ഓഫിസർ കെ.ആർ. ശോഭ, ജില്ല നഗര വികസന സെല്ലിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അജയ് സിങ് എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. റെയ്ഡുകൾ ചൊവ്വാഴ്ച രാത്രിയും തുടർന്നു. അനധികൃത സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ ബുധനാഴ്ചയേ ക്രോഡീകരിക്കുകയുള്ളൂ എന്ന് ലോകായുക്ത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എട്ട് ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്
M
MadhyamamSource Link
about 1 month ago