എന്തൂട്ട് പറയാൻ, തൃശൂർ പൂരം 26ന്: പകൽപൂരവും ഉപചാരം ചൊല്ലലും 27ന്, ഒരുക്കം തുടങ്ങി

എന്തൂട്ട് പറയാൻ, തൃശൂർ പൂരം 26ന്: പകൽപൂരവും ഉപചാരം ചൊല്ലലും 27ന്, ഒരുക്കം തുടങ്ങി

തൃശൂർ: വിസ്മയങ്ങളുടെ കാഴ്ചയൊരുക്കുന്ന തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് നാളെ കൊടിയേറ്റം നടക്കുക. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ പല സമയങ്ങളിലാണ് കൊടിയേറ്റ് നടക്കുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയിൽ കൊടിയേറ്റം നടക്കും. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്നതാണ് കൊടിയേറ്റ് ചടങ്ങ്. കൊടിമരം നിർമിക്കാനുള്ള കവുങ്ങ് ഇന്നു രാവിലെ പാട്ടുരായ്ക്കൽ ജങ്ഷനിൽനിന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കും. കൊടിയേറ്റശേഷം ഉച്ചക്ക് മൂന്നിന് ക്ഷേത്രത്തിൽനിന്ന് പൂരം പുറപ്പാട് നായ്ക്കനാലിലെത്തും. തുടർന്ന് നായ്ക്കനാലിലെ ചെറിയ ആൽമരത്തിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകൾ ഉയരും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല, മഞ്ഞ നിറങ്ങളിലുള്ള കൊടികളാണ് ഉയർത്തുക. തുടർന്ന്, പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക് നടത്തും. അവിടെ മേളം കലാശിച്ചശേഷം നടുവിൽമഠത്തിൽ ആറാട്ടും ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. പാറമേക്കാവ് ക്ഷേത്രത്തിൽ നാളെ 11.30നാണ് കൊടിയേറ്റ്. രാവിലെ 11ന് നടക്കുന്ന വലിയപാണിക്കുശേഷം എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തും. സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയർത്തുക. ഇതിനുശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും. പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റും. തുടർന്ന് അഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പുണ്ടാവും. വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിൽ ആറാട്ടും നടക്കും. 26നാണ് തൃശൂർ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനം 24ന് തുടങ്ങും. കൗസ്തുഭം ഓ‍ഡിറ്റോറിയത്തിൽ തിരുവമ്പാടിയുടെ ചമയപ്രദർശനവും പാറമേക്കാവിന്റേ ചമയപ്രദർശനം ക്ഷേത്രം അഗ്രശാലയിലും നടക്കും. 24ന് രാത്രി 7നാണ് സാംപിൾ വെടിക്കെട്ട്. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ് നടക്കും. പൂരം ദിനമായ 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകൽപൂരവും ഉപചാരം ചൊല്ലലും നടക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്തൂട്ട് പറയാൻ, തൃശൂർ പൂരം 26ന്: പകൽപൂരവും ഉപചാരം ചൊല്ലലും… | Boolokam