എഫ്.സി.ആർ.എ; അവസാന ശ്രമത്തിൽ ബി.ജെ.പി; 20ന്, സഭകളുമായി ചർച്ചയെന്ന് പുതിയ ഉറപ്പ്

എഫ്.സി.ആർ.എ; അവസാന ശ്രമത്തിൽ ബി.ജെ.പി; 20ന്, സഭകളുമായി ചർച്ചയെന്ന് പുതിയ ഉറപ്പ്

M
MadhyamamSource Link
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എഫ്.സി.ആർ.എ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ അവസാന ശ്രമത്തിൽ ബി.ജെ.പി. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌.സി.ആർ.എ) കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി ബില്ലിനെച്ചൊല്ലി നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ ഈ മാസം 20ന് ഡൽഹിയിൽ ക്രൈസ്തവസഭാ നേതൃത്വവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ചർച്ച നടത്തുമെന്ന ഉറപ്പാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം നൽകുന്നത്. ഇക്കാര്യം സഭാനേതൃത്വത്തെ അറിയിക്കാൻ സംസ്ഥാന നേതാക്കളും സ്ഥാനാർഥികളുമായ ഷോൺ ജോർജ്, അനൂപ് ആന്‍റണി, ജോർജ് കുര്യൻ ഉൾപ്പെടെയുള്ളവരെ അമിത് ഷാ നേരിട്ട് ചുമതലപ്പെടുത്തിയതായും ബി.ജെ.പി വൃത്തങ്ങൾ പറയുന്നു. ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവുമായി ക്രൈസ്തവ സഭാ പ്രതിനിധികൾക്ക് കഴിഞ്ഞദിവസം കേരളത്തിൽ ചർച്ചക്ക് വഴിയൊരുക്കിയും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിശദ ചർച്ചക്ക് വഴിയൊരുക്കാമെന്ന ഉറപ്പുനൽകിയും ക്രൈസ്തവ വോട്ടുകൾ നേടിയെടുക്കാനുള്ള നീക്കം ബി.ജെ.പി തുടരുന്നതിനിടെയാണ് ഈ പുതിയ ഉറപ്പ്. സഭാനേതൃത്വങ്ങളോട് നിരന്തരം ആശയവിനിമയം നടത്താൻ ദൂതൻമാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ ക്രൈസ്തവ സഭകൾ ഈ നീക്കങ്ങൾ വിശ്വാസത്തിലെടുത്തിട്ടില്ല. സി.എസ്.ഐ, ലത്തീൻ സഭ, ഓർത്തഡോക്സ് സഭ എന്നിവയെല്ലാം കേന്ദ്രസർക്കാറിന്‍റെ ഓരോ നീക്കങ്ങളും ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. എഫ്.സി.ആർ.എയിൽ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്ക ദൂരീകരിക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി കിരൺ റിജിജു പക്ഷെ ബില്ല് കൊണ്ടുവരുമെന്ന് ആവർത്തിക്കുന്നത് ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്ക വർധിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പി നീക്കമെന്നാണ് സഭകൾ വിശ്വസിക്കുന്നത്. എഫ്.സി.ആർ.എ നിയമഭേദഗതിയിൽ ക്രൈസ്തവ സമൂഹത്തിനുണ്ടായ എതിർപ്പ് ബി.ജെ.പിയുടെ പല പ്രധാന സ്ഥാനാർഥികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ക്രൈസ്തവ സഭകളെ ഇത് ബാധിക്കില്ലെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെയാണ് ലക്ഷ്യമിടുന്നതെന്നും ആവർത്തിച്ച് വിശദീകരിച്ച് വിയർക്കുകയാണ് ബി.ജെ.പി നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവല്ലയിലെത്തി ക്രൈസ്തവ സമൂഹത്തെ പുകഴ്ത്തിയതും ഈ സമൂഹത്തെ ഒപ്പം നിർത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ്. ക്രൈസ്തവ സഭകളുടെ ആശങ്ക നീക്കൽ തങ്ങളുടെ ഉത്തരവാദിത്തമായി സംസ്ഥാന ബി.ജെ.പി എടുത്തിരിക്കയാണിപ്പോൾ. വിശദ ചർച്ച നടത്തിയ ശേഷമേ ബില്ല് നടപ്പാക്കൂയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആവർത്തിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഫ്.സി.ആർ.എ; അവസാന ശ്രമത്തിൽ ബി.ജെ.പി; 20ന്, സഭകളുമായി ചർച്… | Boolokam