പാല: കേന്ദ്രസർക്കാരിന്റെ എഫ്.സി.ആർ.എ ബില്ലുമായി ബന്ധപ്പെട്ട് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ പി.സി. ജോർജിനെ തള്ളി മകനും പാലായിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ഷോൺ ജോർജ്. മെത്രാൻമാർ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്നുവെന്നത് പി.സി. ജോർജിന്റെ അഭിപ്രായമാണെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോൺ ജോർജ് പറഞ്ഞു. സഭയെ ബാധിക്കുന്ന പ്രശ്നങ്ങൾ മുതലെടുക്കാൻ കോൺഗ്രസ് ശ്രമിക്കും. സഭയുടെ നേതാക്കൻമാർ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസ് വളച്ചൊടിക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊരു സംഭവമുണ്ടായപ്പോൾ ചങ്ങനാശേരി മെത്രാൻ തോമസ് തറയിലിന് എന്റെ പ്രസ്താവനയെ വളച്ചൊടിച്ച് രാഷ്ട്രീയമാക്കേണ്ട എന്ന് പോസ്റ്റിടേണ്ടിവന്നു. അത്തരത്തിലാണ് കോൺഗ്രസ് ഇതിനെ ദുരുപയോഗം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സമയത്താണ് എഫ്.സി.ആർ.എ ബിൽ വന്നത്. കോൺഗ്രസിന് ഇത്തരത്തിലുള്ള ദുഷ്പ്രചാരണങ്ങൾക്ക് ഈ സമയത്ത് അവസരമുണ്ടായി. പക്ഷേ, ഇത്തരത്തിലൊരു സമയത്തുപോലും ബില്ല് കൊണ്ടുവരാൻ ബി.ജെ.പി തുനിയുന്നുണ്ടെങ്കിൽ അത് രാജ്യസുരക്ഷക്ക് എത്രമാത്രം ഭീഷണിയുള്ളതുകൊണ്ടാണെന്ന് മനസിലാക്കണം’ -ഷോൺ ജോർജ് പറഞ്ഞു. കുറച്ചു പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവർ ഇതിനപ്പുറത്തെ വർത്തമാനം പറയും. ഞാൻ ഇതു പരിഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരിഗണിക്കില്ല എന്നായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. കുറച്ചു പിതാക്കന്മാർ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബി.ജെ.പി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലക്ക് സ്ഥിരതയില്ല. നിയമഭേദഗതിയിൽ ആർക്കും ആശങ്ക ആവശ്യമില്ല. രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണു ക്രിസ്ത്യാനികൾ. ബി.ജെ.പിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നത്. ക്രിസ്ത്യാനികളെ ഇത്രയും കൂടുതൽ അംഗീകരിച്ച രാഷ്ട്രീയപാർട്ടി വേറെയില്ല. കോൺഗ്രസ് ഭരിച്ചപ്പോൾപോലും ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ലെന്നുമായിരുന്നു പി.സി. ജോർജിന്റെ പ്രസ്താവന.

എഫ്.സി.ആർ.എ; സഭ നേതാക്കൻമാർ നടത്തുന്ന പ്രസ്താവനകൾ കോൺഗ്രസ് വളച്ചൊടിക്കുന്നു -പി.സി. ജോർജിനെ തള്ളി മകൻ ഷോൺ ജോർജ്
M
MadhyamamSource Link
about 1 month ago