കോഴിക്കോട്: എലത്തൂരിൽ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്കിടെ നാടകീയ രംഗങ്ങൾ. സ്വതന്ത്ര സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചതിന്റെ രസീതുമായി അജ്ഞാതൻ ഓടിക്കളഞ്ഞത് ഉദ്യോഗസ്ഥരെ വലച്ചു. നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനക്കു ശേഷം എലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എൻ.സി.പി-എസ് നേതാവ് എ.കെ. ശശീന്ദ്രന്റെ അപരസ്ഥാനാർഥി എൻ.സി.പി (അജിത്പവാർ) അംഗം പി.കെ. ശശീന്ദ്രന്റെ രസീതാണ് റിട്ടേണിങ് ഓഫിസറിൽ നിന്ന് വാങ്ങി അജ്ഞാതൻ തട്ടിപ്പറച്ച് കടന്നുകളഞ്ഞത്. പി.കെ. ശശീന്ദ്രൻ പാർട്ടിതലത്തിലും വ്യക്തിതലത്തിലും കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ക്ലോക്ക് ചിഹ്നത്തിലും സ്വതന്ത്രസ്ഥാനാർഥിയായുമാണ് രണ്ട് പത്രിക പി.കെ ശശീന്ദ്രൻ സമർപ്പിച്ചത്. എന്നാൽ ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതിനെതിരേ എ.കെ. ശശീന്ദ്രൻ വിഭാഗം സൂക്ഷ്മപരിശോധനക്കിടെ രംഗത്തെത്തി. തുടർന്ന് ക്ലോക്ക് ചിഹ്നം അനുവദിച്ചു കിട്ടയതിന്റെ രേഖകൾ സഹിതം സമർപ്പിച്ചതോടെ പി.കെ. ശശീന്ദ്രന്റെ രണ്ട് പത്രികയും സ്വീകരിച്ചു. ഈ സമയം ഒരാൾ വന്ന് പി.കെ. ശശീന്ദ്രന്റെ പത്രിക സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന രസീത് കൈപ്പറ്റി. ഈ സമയം റിട്ടേണിങ് ഓഫിസർ സ്ഥലത്തുണ്ടായിരുന്നില്ല. രസീത് കിട്ടിയില്ലെന്ന് പി.കെ. ശശീന്ദ്രന്റെ അഭിഭാഷകൻ വ്യക്തമാക്കിയതോടെ രസീത് വാങ്ങിയ ആളെ ജീവനക്കാർ കാണിച്ചുകൊടുത്തു. ഇതോടെ റിട്ടേണിങ് ഓഫിസർ രസീത് തിരികെ വാങ്ങി. അതിനിടെ അജ്ഞാതൻ റിട്ടേണിങ് ഓഫിസറുടെ ഫോൺ തഴെയിടുകയും രണ്ട് രസീതുമായി ഓടുകയുമായിരുന്നുവെന്ന് പി.കെ. ശശീന്ദ്രന്റെ അഭിഭാഷകൻ റനീസ് പറഞ്ഞു. ആരാണ് രസീത് കൈപ്പറ്റിയതെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്.

എലത്തൂരിൽ സൂക്ഷ്മ പരിശോധനക്കിടെ നാടകീയ രംഗങ്ങൾ; എ.കെ. ശശീന്ദ്രന്റെ അപരന്റെ രസീതുമായി അജ്ഞാതൻ ഓടിമറഞ്ഞു
M
MadhyamamSource Link
about 2 months ago