എസ്. രാജേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി; ദേവികുളത്ത് ത്രികോണ മത്സരം

എസ്. രാജേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി; ദേവികുളത്ത് ത്രികോണ മത്സരം

M
MadhyamamSource Link
തൊടുപുഴ: തോട്ടം മേഖലയിൽ സി.പി.എമ്മിന്‍റെ ശക്തനായ നേതാവായിരുന്ന മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പി ടിക്കറ്റിൽ ദേവികുളത്ത് മത്സരത്തിനിറങ്ങുന്നു. മൂന്നുതവണ എം.എൽ.എയായിരുന്ന ഇദ്ദേഹം സി.പി.എം പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് ബി.ജെ.പിയിലേക്ക് ചേക്കറിയത്. സിറ്റിങ് എം.എൽ.എ എ. രാജയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥികൂടി എത്തുന്നതോടെ എസ്‌.സി. സംവരണ മണ്ഡലമായ ദേവികുളം ആദ്യമായി ത്രികോണ മത്സരത്തിന് സാക്ഷ്യംവഹിക്കും. കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴായിരത്തിലേറെ വോട്ടിനാണ് സി.പി.എമ്മിലെ എ. രാജ ജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തുതന്നെ രാജേന്ദ്രൻ പാർട്ടിവിട്ട് ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ച് രാജന്ദ്രൻ പ്രതികരിച്ചത്. എസ്.എഫ്.ഐയിലായിരുന്നു രാജേന്ദ്രന്‍റെ ആദ്യകാല പ്രവർത്തനം. പിന്നീട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. പിന്നീട് 1991ൽ മറയൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ ലോക്കൽ സെക്രട്ടറിയായി. 2001ലാണ് ആദ്യമായി പാർലമെന്‍ററി രംഗത്തേക്ക് പ്രവേശിച്ചത്. 2001ൽ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു. 2003 മുതൽ 2006 വരെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. തുടർന്ന് 2006 മുതൽ തുടർച്ചയായി മൂന്നുതവണകളായി 15 വർഷം ദേവികുളം എം.എൽ.എയായി. ഇതിനിടയിൽ പാർട്ടി ജില്ല കമ്മിറ്റിയംഗവുമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. പിന്നീട് പാർട്ടിയുമായി അകന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ബി.ജെ.പിയിൽ ചേർന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസ്. രാജേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി; ദേവികുളത്ത് ത്രികോണ മത… | Boolokam