കൊൽക്കത്ത: പശ്ചിമബംഗാളിലെ മാൽഡ ജില്ലയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ വോട്ടർ പട്ടികയിൽനിന്ന് പേരുവെട്ടിയെന്ന് ആരോപിച്ച് ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഒമ്പതുമണിക്കൂറോളം ബന്ദികളാക്കി. മാൽഡയിലെ കാലിയചക്കിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെയാണ് ഒരു സംഘം ഘെരാവോ ചെയ്തത്. വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാരുടെ സംഘം ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ച പരാജയപ്പെട്ടു. ഇതോടെ വൈകിട്ട് നാലുമണിയോടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ് (ബി.ഡി.ഒ) പ്രതിഷേധക്കാർ വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദിയാക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധക്കാരെ നീക്കുകയും ജുഡീഷ്യൽ ഓഫിസർമാരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സംഭവത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി കേന്ദ്രസേനയെ വിന്യസിക്കാൻ നിർദേശം നൽകുകയും ചെയ്തു. ബംഗാളിനെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതും എസ്.ഐ.ആർ പ്രക്രിയ താളം തെറ്റിക്കാനുമുള്ള ശ്രമമാണെന്നും പറഞ്ഞു. ഏപ്രിൽ 23, 29 തീയതികളിലാണ് ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ് ജുഡീഷ്യൽ ഉദ്യോഗസ്ഥർ. മാൽഡയിൽ നിരവധിപേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് കഴിഞ്ഞദിവസം വൻ പ്രതിഷേധമുയർന്നിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഓഫിസിൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയത്. ജുഡീഷ്യൽ ഓഫീസർമാരെ മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിഷേധക്കാർ വാഹനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇവടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബംഗാൾ പൊലീസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. എസ്.ഐ.ആർ നടപടിയിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ തൃണമൂൽ കോൺഗ്രസ് നേതൃത്വം നടത്തിയ പ്രകോപനപരമായ പ്രസ്താവനകളുടെ ഫലമാണ് ഉദ്യോഗസ്ഥർ നേരിടുന്ന പീഡനമെന്ന് കേന്ദ്രമന്ത്രിയും ബംഗാൾ മുൻ ബി.ജെ.പി മേധാവിയുമായ സുകാന്ത മജുംദാർ ആരോപിച്ചു. അതേസമയം, മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവാദിത്തമാണെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. തന്റെ പാർട്ടി നിയമം കൈയിലെടുക്കുന്നതിൽ വിശ്വസിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ബെലെഘട്ട നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കുനാൽ ഘോഷ് കൂട്ടിച്ചേർത്തു.

എസ്.ഐ.ആർ; ബംഗാളിൽ ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഒമ്പതുമണിക്കൂർ ബന്ദികളാക്കി, ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
M
MadhyamamSource Link
about 1 month ago