ന്യൂഡൽഹി: പെരുമ്പാവൂരിൽ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ സ്ഥാനാർഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാൽ ഹൈക്കമാൻഡ് സ്ഥാനാർഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരെയാണ് പെരുമ്പാവൂർ സീറ്റിനായി പരിഗണിക്കുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ് മനോജ് മൂത്തേടം. ഈ മാസം 26ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കേസ് വീണ്ടും കോടതിക്ക് മുമ്പിൽ എത്തുകയാണ്. ഈ സാഹചര്യത്തിലാണ് എൽദോസിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയത്. അതേസമയം, ഉടൻ തന്നെ കോൺഗ്രസ് സ്ഥാനാർട്ടി പട്ടിക പുറത്തുവരുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ക്ഷുഭിതനായിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് വി.ഡി. സതീശൻ മുമ്പ് പറഞ്ഞിരുന്നു. 24 മണിക്കൂർ പിന്നിട്ട വേളയിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിച്ചത്. തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്വാസ്യത കളയരുതെന്ന് അദ്ദേഹം പ്രതികരിച്ചു. സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളിൽ നടത്തുമെന്ന കോൺഗ്രസിന്റെ അവകാശവാദം വെറുതെയായി. ഇപ്പോഴും ഡൽഹിയിൽ ചർച്ചകൾ തുടരുകയാണ്. എം.പിമാരുടെ മത്സരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനും കോൺഗ്രസിന് ഇതുവരെയായിട്ടില്ല. താൻ കണ്ണൂരിൽ മത്സരിക്കുമെന്ന വാശിയിലാണ് കെ. സുധാകരൻ എം.പി. സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ കെ. സുധാകരൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. 'ആരാ നിങ്ങളോട് ഇത് പറഞ്ഞത്? ഒരു ചർച്ചക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല' - എന്നാണ് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എൽദോസ് കുന്നപ്പിള്ളിയെ വെട്ടി ഹൈക്കമാൻഡ്; പെരുമ്പാവൂരിൽ സീറ്റില്ല
M
MadhyamamSource Link
about 2 months ago