എ.ഐക്ക് ‘ബുദ്ധി ഉപദേശിക്കാൻ’ ആളുവേണം; തത്വചിന്തകനെ നിയമിച്ച് ഗൂഗ്ൾ

എ.ഐക്ക് ‘ബുദ്ധി ഉപദേശിക്കാൻ’ ആളുവേണം; തത്വചിന്തകനെ നിയമിച്ച് ഗൂഗ്ൾ

കാലിഫോർണിയ: എല്ലാ ജോലിയും എ.ഐ കൈയടക്കു​മെന്ന് പേടിച്ചിരിക്കുമ്പോൾ, എ.ഐക്ക് ബുദ്ധി ഉപദേശിക്കാനും ധാർമികത പഠിപ്പിക്കാനും തത്വചിന്തകനെ നിയോഗിച്ചിരിക്കുകയാണ് ഗൂഗ്ൾ ഡീപ് മൈൻഡ്. തത്ത്വചിന്തകനായ ഹെൻറി ഷെവ്‍ലിൻ എന്നയാളെയാണ് ഗൂഗ്ൾ ഡീപ് മൈൻഡ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഷെവ്‍ലിൻ തന്നെയാണ് ഇക്കാര്യം ‘എക്സി’ലൂടെ അറിയിച്ചത്. ഗൂഗ്ൾ ഡീപ്മൈൻഡിൽ മനുഷ്യനും നിർമിത ബുദ്ധിയും തമ്മിലുള്ള ബന്ധങ്ങൾ സുഗമമാക്കുന്നതിനും എ.ഐയുടെ ചിന്തകളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ നിയമനമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. കൃത്രിമ ജനറൽ ഇന്റലിജൻസ് അഥവാ എ.ജി.ഐ ഘട്ടത്തിനായാണ് ഗൂഗ്ൾ ഡീപ് മൈൻഡിന്റെ ഈ നിയമനം. മനുഷ്യരെപ്പോലെ എ.ഐ ചിന്തിക്കുന്ന ഒരു ഘട്ടം വന്നാൽ അവിടെ മനുഷ്യന്റെ എല്ലാ ബൗദ്ധിക തലങ്ങളിലും എ.ഐക്ക് ധാരണയുണ്ടാക്കിക്കൊടുക്കുക എന്നതുകൂടിയാണ് ഷെവ്‍ലിന്റെ ജോലി. ഇത്തരത്തിൽ നിയമിക്കുന്ന ആദ്യ ആളല്ല ഷെവ്‍ലിൻ. മുമ്പ് ഒരു സ്വകാര്യ സ്ഥാപനം എ.ഐക്ക് ധാർമികത പകർന്നുനൽകുന്നതിനായി അമാൻഡ അസ്കൽ എന്നയാളെ നിയോഗിച്ചിരുന്നു. നിർമിത ബുദ്ധിയെ ധാർമികത പഠിപ്പിക്കുക മാത്രമല്ല, മനുഷ്യ താൽപര്യങ്ങളുമായി എ.ഐയുടെ ബോധതലം പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയുംകൂടി ചെയ്യേണ്ട ചുമതലയുണ്ട് ഷെവ്‍ലിന്. എ.ഐ വികസനവുമായി ബന്ധപ്പെട്ട സങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഡീപ് മൈൻഡ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഷെവ്‌ലിന്റെ നിയമനം. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട ഇത്തരം നിയമനങ്ങൾ നിർമിതബുദ്ധിക്ക് മനുഷ്യനേക്കാൾ മുൻതൂക്കം നൽകുന്നതിന് കാരണമാകുമെന്ന ആശങ്കകളും പലയിടങ്ങളിൽനിന്നും ഉയർന്നുവരുന്നുണ്ട്. കേംബ്രിഡ്ജ് സർവകലാശാലയിൽ പാർട്ട് ടൈം ഗവേഷകനും അധ്യാപകനുമാണ് ഷെവ്‍ലിൻ. ഗൂഗ്ൾ ഡീപ് മൈൻഡിലെ പുതിയ സ്ഥാനത്തോടൊപ്പം സർവകലാശാലയിലും തന്റെ ജോലി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോർക്കിലെ സിറ്റി യൂനിവേഴ്സിറ്റിയിൽനിന്നാണ് ഹെൻറി പി.എച്ച്ഡി പൂർത്തിയാക്കിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എ.ഐക്ക് ‘ബുദ്ധി ഉപദേശിക്കാൻ’ ആളുവേണം; തത്വചിന്തകനെ നിയമിച്ച… | Boolokam