കൊച്ചി: അബൂദബിയിലെ ആയുർവേദിക് മെഡിക്കൽ സെന്ററുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എസ്. ശ്രീജിതിനെതിരെ വിജിലൻസിന് നൽകിയ പരാതിയിലെ തുടർനടപടി സംബന്ധിച്ച് റിപ്പോർട്ട് തേടി ഹൈകോടതി. ആയുർവേദിക് മെഡിക്കൽ സെന്റർ ഔദ്യോഗിക യൂനിഫോം അണിഞ്ഞ് ഉദ്ഘാടനം ചെയ്തെന്നും സ്ഥാപനം അദ്ദേഹത്തിന്റെ ബിനാമി പേരിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി മലപ്പുറം ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിപിൻ ഇടവണ്ണ നൽകിയ പരാതിയിലെ നടപടി റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയത്. ഫെബ്രുവരി 18ന് നൽകിയ പരാതി സംബന്ധിച്ചാണ് റിപ്പോർട്ട് തേടിയത്. എന്നാൽ, ശ്രീജിതിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സാധുവായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നൽകിയ പരാതിയിൽ അഡീ. ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. ശ്രീജിത് ട്രാൻസ്പോർട്ട് കമീഷണറായിരിക്കെ മോട്ടോർ വാഹന വകുപ്പിലെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സസ്പെൻഷൻ തുടങ്ങിയവ ഉൾപ്പെടെ സർവിസ് വിഷയങ്ങൾ സംബന്ധിച്ചാണ് ആരോപണങ്ങളിൽ ഏറെയുമെന്നും എന്നാൽ പരാതിക്കാരൻ സാധുവായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ അറിയിച്ചു. എന്നാൽ, മെഡിക്കൽ സെന്റർ സംബന്ധിച്ച പരാതിയിൽ വിശദ വാദം കേൾക്കണമെന്ന ഹരജിക്കാരന്റെ ആവശ്യത്തെ തുടർന്ന് കേസ് ഏപ്രിൽ എട്ടിന് പരിഗണിക്കാൻ മാറ്റി.

എ.ഡി.ജി.പി ശ്രീജിത്തിന് എതിരായ പരാതി: നടപടി റിപ്പോർട്ട് തേടി ഹൈകോടതി
M
MadhyamamSource Link
about 2 months ago