മസ്‌കത്ത് ഗവർണറേറ്റിലും മറ്റു വടക്കൻ പ്രദേശങ്ങളിലും മഴ കനക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴമേഘങ്ങളും ഇടിമിന്നലും ഇന്ന് പുലർച്ചെ റഡാർ ദൃശ്യങ്ങളിൽ പതിഞ്ഞതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് അസ്ഥിര കാലാവസ്ഥാ രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ദാഹിറ, അൽവുസ്ത ഗവർണറേറ്റുകളിൽ നിലവിൽ സജീവമായ മഴമേഘങ്ങൾ വടക്ക്-കിഴക്കൻ ദിശയിലേക്ക് നീങ്ങുന്നുണ്ട്. വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ ക്യമുലോനിംബസ് മേഘരൂപീകരണം സുൽത്താനേറ്റിനെ ബാധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവന. മസ്‌കത്ത് ഗവർണറേറ്റിന് പുറമെ, വടക്ക്-തെക്ക് ശർഖിയ പ്രദേശങ്ങളെ ഇടിമിന്നൽ ഇതിനകം ബാധിച്ചിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും കൂടുതൽ മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി പൊതുവെ മേഘാവൃതമായ അന്തരീക്ഷമാണുള്ളത്. അൽ വുസ്തയിൽ ഇടിമിന്നൽ തുടരുന്നതായും അധികൃതർ വിശദമാക്കി. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറുപേർ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. മുപ്പതിലധികം പേരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ അടിയന്തര സംഘങ്ങൾ വ്യാപകമായ രക്ഷാപ്രവർത്തനങ്ങൾ നടത്തി. നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രളയജലത്തിൽ നിറഞ്ഞൊഴുകുന്ന വാദികളും താഴ്ന്ന പ്രദേശങ്ങളിലുള്ള റോഡുകളും കടക്കരുതെന്ന് ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ മഴ കനക്കും; ജാഗ്രതാ നിർദേശവുമായി അധികൃതർ
M
MadhyamamSource Link
about 2 months ago