ഒരു അടച്ചുപൂട്ടലിന്‍റെ നോമ്പുകാലം

ഒരു അടച്ചുപൂട്ടലിന്‍റെ നോമ്പുകാലം

M
MadhyamamSource Link
എന്‍റെ നോമ്പ് അനുഭവങ്ങൾ ഒരു ഓഫീസ് അടച്ചുപൂട്ടലിന്‍റെയും ജോലി നഷ്ടപ്പെടുകയും ചെയ്ത കഥയാണ്. ഞാൻ 2009 മുതൽ ഖത്തർ എയർവേസിന്‍റെ ബഹ്റൈൻ ഓഫീസിൽ ഫൈനാൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന കാലത്താണ്. ഞാനും കണ്ണൂരുകാരൻ ഗിരീഷും പാക്കിസ്താനിയായ ഫൈനാൻസ് മാനേജർ യാസർ ഇല്യാസ് മറ്റൊരു പാകിസ്താനിയായ ആസിഫ് ഇക്ബാൽ എന്നിവരായിരുന്നു നമ്മുടെ ടീം. 2017 ജൂൺ അഞ്ചാം തീയതി രാവിലെ എട്ടുമണിക്ക് പതിവ്പോലെ ഓഫീസിൽ എത്തിയപ്പോഴാണ് ആ വാർത്ത അറിയുന്നത്. ജി.സി.സിയിലെ സഹോദരരാജ്യങ്ങൾ ഖത്തറുമായിട്ടുള്ള നയതന്ത്ര ബന്ധങ്ങൾ റദ്ദ് ചെയ്യുകയും ഒരു ശത്രു രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ വാർത്ത വന്ന ഉടനെ കൺട്രി മാനേജർ സീനു സഫാ അടിയന്തര യോഗം വിളിക്കുകയും അവർ ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ഈ സ്ഥിതി പൂർവ നിലയിൽ ആവുകയും ചെയ്യുമെന്ന് ഉറപ്പും തന്നു. മൂന്നു ദിവസത്തിനകം ഗവണ്മെന്‍റ് ഓഫീസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഈ ഉപരോധ കാലത്ത് ബഹ്റൈനിൽ റമദാനിലെ കടുത്ത ചൂട് സമയമായിരുന്നു. മാത്രമല്ല നമ്മുടെ ഫിനാൻസ് മാനേജർ ലീവിലും. ആ സമയം ബഹ്റൈൻ- ദോഹ സെക്ടറിൽ ഡെയിലി ഏഴ് വിമാന സർവീസുകൾ നടത്തി കൊണ്ടിരിക്കുകയും, വേനൽ അവധിക്ക് ധാരാളം സ്വദേശികളും വിദേശികളും യൂറോപ്പ്, അമേരിക്ക ഫാർ ഈസ്റ്റ്, ഇന്ത്യൻ സബ് കോണ്ടിനെന്റ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്ത സമയവും. ഓഫീസ് തുറന്നു കാലത്തു ഒമ്പത് മണിക്ക് തന്നെ ടിക്കറ്റ് ക്യാൻസൽ / റിഫണ്ട് ചെയ്യുവാൻ വേണ്ടി ഒരു ജനസാഗരം തന്നെ ഉണ്ടായി. ടിക്കറ്റ് റീഫണ്ട് ചെയ്യുകയായിരുന്നു പ്രധാന ഡ്യൂട്ടി. സെയിൽസ് ഇല്ലാത്തത് കാരണം ചെക്ക് എഴുതി ഒപ്പിട്ടു കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ജൂൺ അഞ്ച് അന്ന് മഗ്രിബ് സമയത്ത് ഞങ്ങൾക്ക് വീട്ടിൽ പോകാനായി. പക്ഷേ ജൂൺ 6 നും 7 നും കാലത്ത് 8 മണിക്ക് വന്ന ഞങ്ങൾക്ക് രാത്രി 10 മണിക്ക് മാത്രമേ വീട്ടിൽ പോകാൻ കഴിഞ്ഞുള്ളൂ. അതായത് 6 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടിയിരുന്ന നമ്മുക്ക് 14 മണിക്കൂർ വരെ ഡ്യൂട്ടി ചെയ്യേണ്ടി വന്നു. ആ രണ്ടു ദിവസങ്ങളിലും നോമ്പ് ഓഫീസിൽ തന്നെയായിരുന്നു. ദുഹർ, അസർ, മഗരിബ്, ഇഷാ എന്നീ നമസ്കാരങ്ങൾ ഉഗാണ്ടൻ സെക്യൂരിറ്റി സ്റ്റാഫ് ആയ ഇബ്രാഹിമിനെ ഇമാം ആക്കി ഞങ്ങൾ നിസ്കരിച്ചു. നോമ്പ് തുറ എല്ലാ സൗകര്യങ്ങളും ഓഫീസിൽ തന്നെ ഒരുക്കിയിരുന്നു. ഈ സമയപരിധിക്കുള്ളിൽ കസ്റ്റമേഴ്സിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും 300 ഓളം ചെക്ക്കൾ ഇഷ്യൂ ചെയ്യുകയും ചെയ്തു. എട്ടാം തീയതി രാവിലത്തെ ഫ്ലൈറ്റ് ആയിരുന്നു ഖത്തർ എയർ വേസിന്‍റെ അവസാന ഫ്ലൈറ്റ്. അത് കാരണം ഏഴാം തീയതി രാത്രി തന്നെ ഓഫീസ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. അത്യാവശ്യ രേഖകൾ എടുക്കാനും ഗവൺമെന്‍റ് അനുവാദം നൽകിയിരുന്നു. ഏഴാം തീയതി രാത്രി 10 മണിക്ക് ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുകയും മാനേജർ ഹെഡ് ഓഫീസിലെ സീനിയർ മാനേജർമാരുമായി ഒരു വീഡിയോ കോൺഫറൻസ് വിളിച്ചു ഞങ്ങൾക് നന്ദി അറിയിക്കുകയും, അന്നു ശരിക്കും മാനേജർ പൊട്ടിക്കരയുകയായിരുന്നു. ഓഫീസ് ഒന്നോരണ്ടോ മാസങ്ങൾ കൊണ്ട് തുറക്കുമെന്നും എല്ലാ വിദേശി സ്റ്റാഫിനെയും ഖത്തറിലെ ഹെഡ് ഓഫീസിൽ ജോലി വാഗ്ദാനം നൽകി. തത്വത്തിൽ സ്വദേശികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയത അവസ്ഥ. ആ ഉപരോധം 2021 ജനുവരി അഞ്ചാം തീയതി വരെ നീണ്ടു. ഏതായാലും ഞങ്ങൾ അന്ന് അനുഭവിച്ച പ്രയാസങ്ങൾ ഒരുകാലവും വിസ്മരിക്കപ്പെടുമെന്നു തോന്നുന്നില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു അടച്ചുപൂട്ടലിന്‍റെ നോമ്പുകാലം — Madhyamam | Boolokam | Boolokam