ഒരു അവിസ്മരണീയമായ ബസ് യാത്ര

ഒരു അവിസ്മരണീയമായ ബസ് യാത്ര

M
MadhyamamSource Link
ലോസ് ആഞ്ജലസിലെ തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിറ്റി ബസിൽ ബോംബ് വെച്ചിട്ടുണ്ട്. ബസിന്റെ വേഗത മണിക്കൂറിൽ 50 മൈൽ ആയിക്കഴിഞ്ഞാൽ ബോംബ് പ്രവർത്തനസജ്ജമാകും. പിന്നീട് ഒരിക്കലെങ്കിലും വേഗത 50ന് താഴേക്കു പോയാൽ ബസ് ഒന്നാകെ പൊട്ടിത്തെറിക്കും. ഈ മരണക്കെണിയിൽപെട്ടുപോയ യാത്രക്കാരെ രക്ഷിക്കാൻ എത്തുന്ന ഓഫിസർ ജാക്ക് ട്രാവൻ (കീനു റീവ്സ്) ആണ് സിനിമയുടെ നട്ടെല്ല്. എന്നാൽ, വിധി അവിടെയും വില്ലനാകുന്നു. ബസ് ഡ്രൈവർക്ക് പരിക്കുപറ്റുന്നതോടെ അവിചാരിതമായി ബസ് ഓടിക്കേണ്ടിവരുന്ന യാത്രക്കാരിയ ആനിയും (സാൻട്ര ബുള്ളോക്) ജാക്ക് ട്രാവനും വലിയൊരു റിസ്കാണ് ഏറ്റെടുക്കുന്നത്. ഒരു സാധാരണ യാത്രക്കാരിയിൽനിന്ന് പെട്ടെന്നൊരു നിമിഷം ഒരുപാട് പേരുടെ ജീവൻ കൈയിലുള്ള ഡ്രൈവറായി മാറേണ്ടിവരുന്ന ആനിയുടെ മാനസികാവസ്ഥ സങ്കീർണമാണ്. ഭയം അവളെ തളർത്തുന്നില്ല, മറിച്ച് കൂടുതൽ ജാഗ്രതയുള്ളവളാക്കി മാറ്റുകയാണ് ചെയ്യുന്നത്. പ്രേക്ഷകന്റെ ഹൃദയമിടിപ്പിനും വേഗതകൂട്ടുന്ന ത്രില്ലറാണ് 1994ൽ പുറത്തിറങ്ങിയ ‘സ്പീഡ്’. സിനിമയുടെ തുടക്കത്തിൽ ബസിലെ യാത്രക്കാർ തികച്ചും അപരിചിതരും തങ്ങളുടേതായ ലോകത്ത് ജീവിക്കുന്നവരുമാണ്. എന്നാൽ, ബോംബ് ഉണ്ടെന്ന തിരിച്ചറിവ് അവരെ ഒരു വലിയ ട്രോമയിലേക്ക് നയിക്കുന്നു. കിയാനു റീവ്സ്, സാൻട്ര ബുള്ളോക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കമേഴ്സ്യല്‍ ഹിറ്റ് ആയിരുന്നു. കേവലം ഒരു ആക്ഷൻ സിനിമ എന്നതിലുപരി, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ഹൈ-ഒക്ടേൻ ത്രില്ലറാണ് സ്പീഡ്. ജാൻ ഡി ബോണ്ടിന്റെ കന്നി സംവിധാന സംരംഭമായ ഈ ചിത്രം ഇന്നും ആക്ഷൻ സിനിമകളുടെ ലിസ്റ്റിൽ മുൻപന്തിയിലുണ്ട്. വെറുമൊരു ആക്ഷൻ പടം എന്നതിലുപരി, സാങ്കേതിക തികവും തിരക്കഥയിലെ ഇഴയടുപ്പവുംകൊണ്ട് ഹോളിവുഡ് ചരിത്രത്തിൽ സുവർണമുദ്ര പതിപ്പിച്ച ഈ ചിത്രം ഇന്നും ആക്ഷൻ സിനിമ പ്രേമികളുടെ പാഠപുസ്തകമാണ്. മിക്ക ആക്ഷൻ സിനിമകളിലെയും വില്ലന്മാർ വെറും പണത്തിന് വേണ്ടിയായിരിക്കും കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. എന്നാൽ, ഹൊവാഡ് പെയ്‌ൻ അറ്റ്ലാന്റയിൽനിന്നുള്ള വിരമിച്ച ബോംബ് സ്ക്വാഡ് സർജന്റാണ്. ബോംബുകൾ നിർമിക്കുന്നതിലും സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിലും അസാമാന്യ ബുദ്ധിയുള്ളയാളാണ്. സർവിസിനിടെ വിരലിന് പരിക്കേറ്റ് ജോലിയിൽനിന്ന് പുറത്തായപ്പോൾ ലഭിച്ച തുച്ഛമായ പെൻഷനും അവഗണനയുമാണ് അയാളെ പ്രകോപിപ്പിച്ചത്. ഒരു ബോംബ് സ്ക്വാഡ് ഓഫിസർ എന്നനിലയിൽ അയാൾ നേരിട്ട മാനസിക സംഘർഷങ്ങൾ അയാളെ ഒരു സോഷ്യോപാത്ത് ആക്കിമാറ്റുന്നു. കൃത്യമായ ബാക്അപ് പ്ലാനുകളുള്ള ഹൊവാഡാണ് കഥയുടെ ഗതിയെ നിയന്ത്രിക്കുന്നത്. സിനിമ തുടങ്ങി കുറച്ചു സമയത്തിനുള്ളിൽതന്നെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരിടത്തുപോലും വിരസത തോന്നാത്ത രീതിയിലാണ് ഇതിന്‍റെ മേക്കിങ്. ക്ലോസ്‌ട്രോഫോബിക് അന്തരീക്ഷമാണ് സിനിമയെ കൂടുതൽ സങ്കീർണമാക്കുന്നത്. അടഞ്ഞ ബസിനുള്ളിൽ, നിർത്താൻ കഴിയാത്ത വേഗതയിൽ യാത്രചെയ്യുമ്പോൾ അനുഭവപ്പെടുന്ന പിരിമുറുക്കം പ്രേക്ഷകരിലും അതേ മാനസികാവസ്ഥ ഉണ്ടാക്കുന്നു. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബിന് മുകളിലിരുന്ന് യാത്രചെയ്യുക എന്നത് ഭീകരമായ അവസ്ഥയാണ്. ഈ മരണത്തിലേക്കുള്ള കൗണ്ട്ഡൗൺ സിനിമയിലുടനീളം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നു. ഇന്നത്തെപോലെ സി.ജി.ഐ വിദ്യകൾ ഇല്ലാതിരുന്ന കാലത്ത് 12 യഥാർഥ ബസുകൾ ഉപയോഗിച്ചാണ് ഈ ചിത്രം പൂർത്തിയാക്കിയത്. മരണം മുന്നിൽ കാണുമ്പോൾ ബസിലെ യാത്രക്കാർക്കിടയിൽ ഉണ്ടാകുന്ന മാറ്റം ശ്രദ്ധേയമാണ്. കീനു റീവ്സിന്റെ ബുദ്ധിയും സാൻട്ര ബുള്ളോക്കിന്റെ തന്മയത്വമുള്ള അഭിനയവും ഹൃദയമിടിപ്പ് വർധിപ്പിക്കുന്ന പശ്ചാത്തല സംഗീതവും നിങ്ങളെ സീറ്റിന്റെ അറ്റത്ത് ഇരുത്തുമെന്ന് തീർച്ചയാണ്. 30 മില്യൺ ഡോളർ ചെലവിൽ നിർമിച്ച സ്പീഡ്, ബോക്സ് ഓഫിസിൽനിന്ന് വാരിക്കൂട്ടിയത് 350 മില്യൺ ഡോളറാണ്. മികച്ച ശബ്ദമിശ്രണത്തിനും എഡിറ്റിങ്ങിനുമായി രണ്ട് അക്കാദമി അവാർഡുകളും ചിത്രം കരസ്ഥമാക്കി. അനാവശ്യമായ ഉപകഥകളോ പ്രണയരംഗങ്ങളോ കുത്തിനിറച്ച് സിനിമയുടെ ഒഴുക്ക് തടസ്സപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ്. സിനിമാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രംതന്നെയാണ് ഇത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു അവിസ്മരണീയമായ ബസ് യാത്ര — Madhyamam | Boolokam | Boolokam