കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വീണ്ടുമൊരു അന്താരാഷ്ട്ര മത്സര കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യയും ഹോങ്കോങ്ങും തമ്മിലെ എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരമാണ് ചൊവ്വാഴ്ച കലൂർ സ്റ്റേഡിയത്തിൽ അരങ്ങേറുക. വൈകീട്ട് ഏഴിനാണ് കിക്കോഫ്. പത്തുവർഷത്തിനു ശേഷം കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ് കേരളത്തിലെ കാൽപന്തുകളി ആരാധകർ. ഐ.എസ്.എൽ ഹോം മാച്ച് ദിനങ്ങളിൽ മഞ്ഞക്കടലാവാറുള്ള കൊച്ചിയും സ്റ്റേഡിയം പരിസരവും നാളെ നീലക്കടലായി മാറുമെന്നുറപ്പാണ്. 2016ൽ തുർക്ക്മെനിസ്താനെതിരെയാണ് ഇന്ത്യ അവസാനമായി കൊച്ചിയിൽ കളിച്ചത്. ഇന്ത്യയും ഹോങ്കോങ്ങും ഇതിനകംതന്നെ ഏഷ്യന്‍ കപ്പ് യോഗ്യതയില്‍നിന്ന് പുറത്തായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹോങ്കോങ്ങില്‍ കളിച്ചപ്പോള്‍ ഒരു ഗോളിന് ഇന്ത്യൻ ടീം തോറ്റിരുന്നു. സിംഗപ്പൂര്‍, ഹോങ്കോങ്, ബംഗ്ലാദേശ് ടീമുകള്‍കൂടി ഉള്‍പ്പെടുന്ന സി ഗ്രൂപ്പില്‍ രണ്ട് പോയന്റുമായി നാലാംസ്ഥാനത്താണ് നിലവില്‍ ഇന്ത്യ. രണ്ടു ടീമുകളും യോഗ്യതയിൽനിന്ന് പുറത്താക്കപ്പെട്ടതിനാൽ ഫലം അപ്രസക്തമാണെങ്കിലും ഫിഫ റാങ്കിങ് പോയൻറ് നേടാൻ ജയം സഹായിക്കും. ഹോങ്കോങ് ടീം വെള്ളിയാഴ്ച കൊച്ചിയിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ബ്ലൂ ടൈഗേഴ്സ് ദിവസങ്ങൾക്കു മുമ്പേ പരിശീലനം തുടങ്ങിയിരുന്നു. പനമ്പിള്ളി നഗർ ഗ്രൗണ്ടിലാണ് ടീമുകൾ പരിശീലിക്കുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ തൃപ്പൂണിത്തുറയിലെ ഗ്രൗണ്ടിലും ടീം പരിശീലനം നടത്തി. മലയാളി താരങ്ങളായ സഹല്‍ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, ബിജോയ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രാഥമിക സംഘത്തിലുണ്ട്. അന്തിമ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഹെഡ് കോച്ച് ഖാലിദ് ജമീലിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ പരിശീലനം നേടുന്നത്. തിങ്കളാഴ്ച ഇരു ടീമുകളുടെയും ഔദ്യോഗിക പരിശീലനവും പ്രീ മാച്ച് വാർത്തസമ്മേളനവും സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് ഇന്ത്യൻ ടീമും വൈകീട്ട് ആറിന് ഹോങ്കോങ് ടീമുമാണ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുക. തുക ഇന്നടക്കും മത്സരത്തിന് മുന്നോടിയായ സെക്യൂരിറ്റി ഡെപ്പോസിറ്റായ 25 ലക്ഷം രൂപ തിങ്കളാഴ്ച അടക്കുമെന്ന് കെ.എഫ്.എ ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ മാധ്യമത്തോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ച വരെയാണ് സമയം തന്നിട്ടുള്ളത്. ഇതിനു മുമ്പ് തുക ജി.സി.ഡി.എക്ക് നൽകും. കഴിഞ്ഞ വെള്ളിയാഴ്ച വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുഖ്യപരിശീലകന്‍ ഖാലിദ് ജമീലിനെയും മാധ്യമപ്രവര്‍ത്തകരെയും കെ.എഫ്.എ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചില്ലെന്ന കാരണത്താല്‍ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ സ്റ്റേഡിയത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ജി.സി.ഡി.എയുടെ ഈ നടപടി ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായത് കേരളത്തിന് നാണക്കേടായി. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെ പണമടക്കാൻ സാവകാശം നൽകി ജി.സി.ഡി.എ തടിയൂരുകയായിരുന്നു. മത്സര ദിവസത്തെ വാടകയായ മൂന്ന് ലക്ഷം രൂപ കെ.എഫ്.എ നേരത്തെ അടച്ചിട്ടുണ്ട്. 10,000 കടന്ന് ടിക്കറ്റ് വിൽപ്പന ഇന്ത്യൻ ടീമിന്റെ മത്സരത്തിന് സാക്ഷിയാവാൻ കലൂർ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കപ്പെടുന്നത് 25,000ത്തോളം കളിയാരാധകരെ. ഇതിനകം 10,000ത്തിലേറെ ടിക്കറ്റുകൾ വിറ്റു. 149 രൂപ മുതലാണ് ടിക്കറ്റ് വിൽപ്പന. 149, 199, 249, 299 എന്നിങ്ങനെയാണ് നിരക്ക്. 199 രൂപ നിരക്കുള്ള ഈസ്റ്റ് ഗാലറിയിലെ ടിക്കറ്റുകൾ 4000ത്തോളം വിറ്റുപോയി. 400 വി.ഐ.പി പാസുകളും വിറ്റു. ടിക്കറ്റ് ജീനി ആപ്പിലൂടെയാണ് പ്രധാനമായും വിൽപന. ഇതുകൂടാതെ, സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലും കൗണ്ടറിലൂടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. മത്സരം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പു വരെ നേരിട്ട് ടിക്കറ്റ് വാങ്ങാനാകും.

ഒരു ‘ഇൻറർനാഷനൽ’ കളി കൊച്ചിയിൽ കണ്ടാലോ...;ഇന്ത്യ-ഹോങ്കോങ് എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരം നാളെ കലൂർ സ്റ്റേഡിയത്തിൽ
M
MadhyamamSource Link
about 1 month ago