മൂവാറ്റുപുഴ: ഒറ്റവിരലിൽ തീർത്ത ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നു. ശനിയാഴ്ച രാവിലെ 11 മുതൽ മേയ് ഏഴ് വരെ മൂവാറ്റുപുഴ വെള്ളൂർക്കുന്നം സൂര്യ കോംപ്ലക്സിൽ നടക്കുന്ന പെയിൻറിങ് എക്സിബിഷനിലാണ് ജന്മനാ കൈകാലുകളില്ലാത്ത ബൈസൺവാലി മുട്ടുകാട് കുറ്റിയാനിക്കൽ ബിന്ദു വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. 55കാരിയായ ബിന്ദുവിന് ജന്മനായുള്ള കലാവാസന മാത്രമായിരുന്നു കൈമുതൽ. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ബിന്ദു ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയാണ് മാതാവ് രുക്മിണിക്കൊപ്പം ഉപജീവനം നടത്തിയിരുന്നത്. ഓൺലൈൻ ഇടപാടുകൾ സജീവമായതോടെ ഫോട്ടോ പ്രിന്റ് ആർക്കും വേണ്ടാതായി. തുടർന്ന് ലോട്ടറി കച്ചവടം നടത്തിയാണ് ഇവർ ജീവിക്കുന്നത്. ഇതിനിടയിലാണ് ജന്മസിദ്ധമായി ലഭിച്ച കലാവാസന ഉണർന്നത്. രണ്ടു വർഷത്തോളമായി ഓൺലൈനിൽ ചിത്രകലാപഠനം നടത്തുകയാണ് ബിന്ദു. ഇരുകാലുകളും കൈകളും മുട്ടുമടക്കുവരെയുള്ളൂ. വലതു കൈയിൽ ഒരു വിരൽ ഭാഗം മാത്രമേ ചെറുതായുള്ളൂ. ഇരുകൈകൾ ചേർത്താണ് ഓൺലൈൻ ഗുരുനാഥനായ ആർട്ടിസ്റ്റ് സച്ചിന്റെ ശിക്ഷണത്തിൽ അക്രിലിക്, പെൻസിൽ ചിത്രങ്ങൾ ബിന്ദു വരക്കുന്നത്. ഓൺലൈൻ ക്ലാസിൽ പഠിക്കുന്ന ഏതാനും പേരുടെ ചിത്രങ്ങളും ഇതോടൊപ്പം പ്രദർശിപ്പിക്കുന്നുണ്ട്. സിന്ധു, സന്ധ്യ, സനത, സജിത എന്നിവരാണ് ബിന്ദുവിന്റെ സഹോദരങ്ങൾ.

ഒറ്റ വിരലിൽ ചിത്രങ്ങൾ വരച്ച് ബിന്ദു; പ്രദർശനം ഇന്ന് തുടങ്ങും
M
MadhyamamSource Link
22 days ago