ബംഗളൂരു: ബംഗളൂരു സെൻട്രൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (കെഎ-01, എച്ച്.എസ്.ആർ ലേ ഔട്ട്) കർണാടകയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ആർ.ടി.ഒ ആയി ഉയർന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ മൂന്നാംസ്ഥാനം നേടി. ഈ വർഷം ആർ.ടി.ഒയുടെ മൊത്തം വരുമാനം 1,273.8 കോടി രൂപയായിരുന്നു. 1,100ലധികം ആർ.ടി.ഒ ഓഫിസുകളിൽ രാജ്യത്തെ മികച്ച മൂന്ന് ആർ.ടി.ഒകളിൽ ഒന്നാണിത്. മഹാരാഷ്ട്രയിലെ പൂനെ, പിംപ്രി ആർ.ടി.ഒകൾ മാത്രമാണ് ദേശീയ തലത്തിൽ ഉയർന്ന റാങ്ക് നേടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരു സെൻട്രൽ ആർ.ടി.ഒ മുൻകാലങ്ങളിൽ ക്രമക്കേടുകളുടെയും തട്ടിപ്പുകളുടെയും പേരിൽ പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നതിനാൽ ഈ നേട്ടം പ്രത്യേകിച്ചും പ്രധാനമാണ്. കസ്തൂരിനഗർ ആർ.ടി.ഒ 1,098 കോടി രൂപയും ജയനഗർ ആർ.ടി.ഒ ഇതേ കാലയളവിൽ 969 കോടി രൂപയും വരുമാനം നേടി. ബംഗളൂരുവിലെ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധന 1988-ലെ മോട്ടോർ വാഹന നിയമപ്രകാരമുള്ള നിയമപാലനവും വരുമാനവും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഗതാഗത വകുപ്പ് വരുമാന ലക്ഷ്യത്തിൽ ഏകദേശം 14 ശതമാനം കുറവ് വരുത്തി, 15,000 കോടി രൂപ എന്ന ലക്ഷ്യത്തിൽ 12,829.64 കോടി രൂപ സമാഹരിച്ചു. 2024-25 ൽ ശേഖരിച്ച 11,744.67 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 8.4ശതമാനം വർധന രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം വർഷമാണ് വകുപ്പ് ലക്ഷ്യം കാണാതെ പോകുന്നത്. 2022-23 വർഷത്തിൽ മാത്രമാണ് ലക്ഷ്യം മറികടന്നത്.

ഒറ്റ വർഷം1274 കോടി വരുമാനം; ബംഗളൂരു സെൻട്രൽ ആർ.ടി.ഒ രാജ്യത്ത് മൂന്നാം സ്ഥാനത്ത്
M
MadhyamamSource Link
about 1 month ago